കേരള കോണ്‍ഗ്രസ് (ജെ) എല്‍ഡിഎഫ് വിടുന്നു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ജോസഫ്) ഇടതുമുന്നണി വിടാനൊരുങ്ങുന്നു. ഇടതുമുന്നണിയുടെ പല നയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള ജോസഫ് ഗ്രൂപ്പ് യു ഡി എഫിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു.
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന് ജോസഫ് ഗ്രൂപ്പിന് യു ഡി എഫ് വാഗ്ദാനം നല്‍കിയിട്ടുണ്ട്. പി. സി. തോമസ് പുറത്തുപോയതോടെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നഷ്ടപ്പെട്ട മൂവാറ്റുപുഴ ലോക്സഭാ സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കാമെന്നും ധാരണയായിട്ടുണ്ട്.
നേരത്തെ കേരള കോണ്‍ഗ്രസുകളുടെ ലയനം സംബന്ധിച്ച് ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും ചര്‍ച്ച നടത്തിയിരുന്നു. ലയനം നടന്നില്ലെങ്കിലും യു ഡി എഫിലേക്ക് പോവണമെന്ന അഭിപ്രായമാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.
അതേ സമയം പി. സി. ജോര്‍ജും അദ്ദേഹത്തോടൊപ്പമുള്ള വിഭാഗവും പാര്‍ട്ടി യു ഡി എഫിലേക്ക് പോവുന്നതിനോട് എതിര്‍പ്പുള്ളവരാണ്. ജോസഫ് ഗ്രൂപ്പ് യു ഡി എഫിലേക്ക് പോവുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് ജോര്‍ജ് രാജി വയ്ക്കാനാണ് സാധ്യത.
ആന്റണി സര്‍ക്കാരിനോട് പാര്‍ട്ടി ചെയര്‍മാന്‍ പി. ജെ. ജോസഫ് മൃദുല സമീപനം സ്വീകരിക്കുമ്പോള്‍ ശക്തമായ വിമര്‍ശനമാണ് ജോര്‍ജ് നടത്താറുള്ളത്. ഇരുവര്‍ക്കുമിടയില്‍ അകലമുണ്ടെന്ന് നേരത്തെ വ്യക്തമായതാണ്.
ആദിവാസി പ്രശ്നമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എല്‍ ഡി എഫ് നിലപാടിനോട് ജോസഫ് ഗ്രൂപ്പിന് വിയോജിപ്പുണ്ട്. കോണ്‍ഗ്രസിനകത്തെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഏപ്രില്‍ 17 വ്യാഴാഴ്ച ചേര്‍ന്ന എല്‍ ഡി എഫ് സംസ്ഥാന സമിതി യോഗത്തില്‍ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications