യുഎന്‍ ഉപരോധം തുടരണം: സൗദി

റിയാദ്: ഇറാഖിന് സ്വന്തം സര്‍ക്കാര്‍ ഉണ്ടാവുന്നതുവരെ യുഎന്‍ ഉപരോധം തുടരണമെന്ന് സൗദി അറേബ്യ. ഇറാഖിന്റെ ഭാവിയെപ്പറ്റി ആലോചിക്കാന്‍ ഏപ്രില്‍ 19 ശനിയാഴ്ച ചേര്‍ന്ന ഇറാഖിന്റെ തൊട്ടടുത്തുള്ള അറബ് രാഷ്ട്രങ്ങളുടെ യോഗത്തിലാണ് ഇക്കാര്യം സൗദി ആവശ്യപ്പെട്ടത്.
ഇപ്പോള്‍ ഇറാഖിലെ അധികാരം പുറത്തുള്ളവരുടെ കയ്യിലാണ്. ഇറാഖിലെ ജനങ്ങളുടെ പ്രതിനിധികള്‍ അടങ്ങുന്ന സര്‍ക്കാര്‍ നിലവില്‍ വന്നാലേ ഇറാഖിലെ ഉപരോധം നീക്കാവൂ. - സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.
1990ല്‍ കുവൈത്തിനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇറാഖിനെതിരെ യുഎന്‍ ഉപരോധം പ്രഖ്യാപിച്ചത്. ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ ഉപരോധം ഉടന്‍ പിന്‍വലിയ്ക്കണമെന്ന് കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ആവശ്യപ്പെട്ടത്.
യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് ഇറാഖിലെ എണ്ണ ചോര്‍ത്താന്‍ അധികാരമില്ലെന്നും എട്ട് അറബ് രാഷ്ട്രങ്ങള്‍ ഒപ്പുവച്ച പ്രമേയത്തില്‍ പറയുന്നു. ഇറാഖിലെ എണ്ണ ചോര്‍ത്താനാണ് യുഎസ് ശ്രമം. അതിന് ന്യായീകരണമില്ല.
തുര്‍ക്കി, ഇറാന്‍, കുവൈത്ത്, സൗദി അറേബ്യ, ജോര്‍ദാന്‍, സിറിയ, ഈജിപ്ത്, ബഹറിന്‍ എന്നീ രാഷ്ട്രങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇറാഖിന്റെ രാഷ്ട്രീയ ഭാവിയില്‍ യുഎന്നിനോ മറ്റ് ലോകരാഷ്ട്രങ്ങള്‍ക്കോ യാതൊരു പങ്കും നല്കാന്‍ യുഎസ് തയ്യാറല്ല. ഇറാഖിന്റെ ഭാവി ഭരണം തിരഞ്ഞെടുക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇറാനും സിറിയയും ഒഴികെ എല്ലാവരും യുഎസ് മുന്നണിയില്‍പ്പെട്ടവരാണ്. ഇറാഖില്‍ ഒരു പാവ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് യുഎസ്. - സൗദി രാജകുമാരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications