കൂറുമാറുന്നവര്‍ എംഎല്‍എ അല്ലാതാകും
ദില്ലി: രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് കൂറുമാറുന്നവര്‍ക്ക് മൂന്നിലൊന്ന് അംഗബലമുണ്ടായാലും അവര്‍ക്ക് ജനപ്രതിനിധിസഭയില്‍ അംഗത്വം നഷ്ടപ്പെടുന്ന നിയമം വരുന്നു. നിലവിലുള്ള കൂറുമാറ്റനിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രനീക്കം.
നേരത്തെ പാര്‍ട്ടി വിപ്പ് ലംഘിക്കുന്നവര്‍ക്ക് ജനപ്രതിനിധിസഭയില്‍ പാര്‍ട്ടിക്കുള്ള ആകെ അംഗത്വത്തിന്റെ മൂന്നിലൊന്ന് ഉണ്ടെങ്കില്‍ അത് പാര്‍ട്ടി പിളര്‍പ്പായി അംഗീകരിക്കുമായിരുന്നു. ഭരണഘടനയുടെ 10ാം പട്ടികയിലെ മൂന്നാം ഖണ്ഡികയാണ് ഇങ്ങിനെ ഒരു വ്യവസ്ഥ കൊണ്ടുവന്നിരുന്നത്. എന്നാല്‍ പിളര്‍പ്പ് എന്ന വ്യാജേന കൂറുമാറ്റം നടത്തുക വഴി ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് കേന്ദ്രനീക്കം.
ഈയിടെ രാജ്യസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിപ്പ് കരുണാകരനും കൂട്ടരും ലംഘിച്ചിരുന്നു. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ആകെ അംഗത്വത്തിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടെന്ന ബലത്തിലാണ് കരുണാകരന്‍ വിപ്പ് ലംഘിച്ചത്. ഹൈക്കമാന്റ് എന്തെങ്കിലും നടപടിയെടുത്താന്‍ പാര്‍ട്ടിയെ പിളര്‍ത്തുക എന്നതായിരുന്നു കരുണാകരന്റെ ലക്ഷ്യം. എന്നാല്‍ പുതിയ നിയമം വന്നാല്‍ കരുണാകരന്റെ ഗ്രൂപ്പിലെ എല്ലാ എംഎല്‍എമാരും പാര്‍ട്ടിവിപ്പ് ലംഘിച്ചാല്‍ എംഎല്‍എമാര്‍ അല്ലാതാകും. ആന്റണിയ്ക്ക് ഗുണകരമാണ് കേന്ദ്രത്തിന്റെ പുതിയ നിയമപരിഷ്കാരം.
ഇനി മുതല്‍ ജനപ്രതിനിധി സഭയുടെ മൊത്തം അംഗത്വത്തിന്റെ 10 ശതമാനം മാത്രം മതി മന്ത്രിസഭകളുടെ അംഗത്വം എന്ന ഭേദഗതിയും കേന്ദ്രം കൊണ്ടുവരും. ലോക്സഭാ, നിയമസഭ മണ്ഡലങ്ങളുടെ പുനര്‍ക്രമീകരണം 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നടത്തും.












Click it and Unblock the Notifications