വ്യവസ്ഥകളോടെ ഗീതാനന്ദന് ജാമ്യം
കൊച്ചി: ആദിവാസി നേതാവ് ഗീതാനന്ദന് ഉപാധികളോടെ ജാമ്യം നല്കാന്‍ ഹൈക്കോടതി വിധിച്ചു. മുത്തങ്ങ വെടിവെപ്പിനെ തുടര്‍ന്നാണ് സി.കെ. ജാനുവിനൊപ്പം ഗീതാനന്ദനും അറസ്റിലായത്. കഴിഞ്ഞ രണ്ടുമാസമായി ഗീതാനന്ദന്‍ ജയിലിലായിരുന്നു.
24 മണിക്കൂര്‍ നേരം ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് പൊലീസിന് കസ്റഡിയില്‍ വയ്ക്കാനും കോടതി അനുമതി നല്കി. ഇദ്ദേഹത്തെ 24 മണിക്കൂര്‍ നേരം കസ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് വിട്ടുകൊടുക്കുന്നതില്‍ താന്‍ അപാകതയൊന്നും കാണുന്നില്ലെന്ന് ജസ്റിസ് പയസ് കുര്യാക്കോസ് പറഞ്ഞു.
ജാനുവടക്കം എല്ലാവരെയും ജാമ്യത്തില്‍ വിട്ട സ്ഥിതിയ്ക്ക് ഗീതാനന്ദന് മാത്രം ജാമ്യം നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഏപ്രില്‍ 25ന് ഗീതാനന്ദനെ ഹാജരാക്കാനും തുടര്‍ന്ന് 24 മണിക്കൂര്‍ നേരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിട്ടുനല്കാനും കോടതി വിധിച്ചു.
ഇനി കസ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ ഗീതാനന്ദന്റെ മാനസികവും ശാരീരികവുമായ ആരോഗ്യം അനുവദിക്കുന്നില്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാന്‍ കസ്റഡിയില്‍ നല്കേണ്ട ദിവസം നീട്ടാവുന്നതാണെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു. കസ്റഡിയില്‍ വച്ചുള്ള ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ വീണ്ടും ഗീതാനന്ദനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കണം.
50,000 രൂപയുടെ ജാമ്യത്തുകയും തുല്യതുകയ്ക്കുള്ള രണ്ട് ബോണ്ടുകളും ഹാജരാക്കിയാല്‍ മജിസ്ട്രേറ്റിന് ജാമ്യം അനുവദിക്കാവുന്നതാണെന്നും ഹൈക്കോടതി അറിയിച്ചു. പാസ്പോര്‍ട്ടുണ്ടെങ്കില്‍ അതും ഗീതാനന്ദന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം. മജിസ്ട്രേറ്റിന്റെ അനുവാദമില്ലാതെ കേരളം വിടരുത്. അന്വേഷണ ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10നും 12നും ഇടയ്ക്ക് ഗീതാനന്ദന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം.












Click it and Unblock the Notifications