മലയാളഗാനങ്ങളുമായി വരും: റഹ്മാന്‍
കൊച്ചി: മലയാളത്തിന് ആവശ്യമായ ഗാനങ്ങളുമായി താന്‍ വരുമെന്ന് സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍. ഏപ്രില്‍ 26 ശനിയാഴ്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു റഹ്മാന്‍.
കേരളം മെലഡി ഗാനങ്ങളുടെ പറുദീസയാണ്. ഇവിടെ ആവശ്യമായ സംഗീതവുമായി ഞാന്‍ വരും. - റഹ്മാന്‍ പറഞ്ഞു.
ചില മലയാളചിത്രങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് പദ്ധതികളുണ്ട്. കേരളത്തിന് ആവശ്യമായ സംഗീതത്തിനുവേണ്ടി കാത്തിരിപ്പിലാണ് ഞാന്‍. - റഹ്മാന്‍ അഭിപ്രായപ്പെട്ടു. പക്ഷെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ റഹ്മാന്‍ തയ്യാറായില്ല.
എന്റെ പല പാട്ടുകളുടെയും പ്രചോദനം മലയാള സിനിമാഗാനങ്ങലും ഇവിടുത്തെ മാപ്പിള പാട്ടുകളുമാണ്. ബോംബെ ഡ്രീംസ് എന്ന സംഗീതനാടകത്തില്‍ ആന്‍ഡ്രൂ വെബര്‍ എന്ന ബ്രിട്ടീഷ് സംഗീതജ്ഞനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ഗുണം ചെയ്തെന്നും റഹ്മാന്‍ പറഞ്ഞു.
ബര്‍മിംഗ്ഹാം സിഫണിക് ഓര്‍ക്കെസ്ട്രയ്ക്ക് വേണ്ടി ഒരു ഓര്‍ക്കെസ്ട്ര സംഗീതം തയ്യാറാക്കുകയാണ് റഹ്മാന്‍ ഇപ്പോള്‍. 12ാം നൂറ്റാണ്ടിലെ പേഴ്സ്യന്‍ കവിതയായ പക്ഷികളുടെ സംഘംചേരല്‍ എന്നതിനെ ആസ്പദമാക്കിയായിരിക്കും തന്റെ ഈ സംഗീതമെന്നും റഹ്മാന്‍ പറഞ്ഞു.












Click it and Unblock the Notifications