അനിശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച ഹൈക്കമാന്റ് തീരുമാനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
തീരുമാനം വൈകുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു പക്ഷത്തിന് അതൃപ്തിയുണ്ട്. കരുണാകര പക്ഷത്തിനെതിരെ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നിലപാടെങ്കിലും അച്ചടക്ക നടപടി ഒഴിവാക്കുന്ന തീരുമാനം ഹൈക്കമാന്റിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് ആര്‍ക്കും ഉറപ്പില്ല.
കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മുരളിയെ നീക്കുമെന്നും എ ഐ സി സി സെക്രട്ടറി സ്ഥാനത്തിരുത്തുമെന്നും അഭ്യൂഹമുണ്ട്. ഇത്തരമൊരു നീക്കത്തോടുള്ള എതിര്‍പ്പ് കരുണാകരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മൂന്നും നാലും ഗ്രൂപ്പുകളാണ് മുരളിക്കെതിരെ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
ഗ്രൂപ്പ്് വഴക്കിന് അതീതനാണെന്ന് നടിച്ചിരുന്ന കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ താനിനി പ്രത്യക്ഷമായി തന്നെ കരുണാകരനോടൊപ്പമായിരിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി മുരളിക്കുണ്ടായിരുന്ന നല്ല ബന്ധവും ഉലഞ്ഞുകഴിഞ്ഞു. ഏപ്രില്‍ എട്ടിന് ശേഷം ഇരുവരും പരസ്പരം കാണുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല.
95ല്‍ കരുണാകരനെ ഇറക്കിവിട്ടത് ശരിയായില്ലെന്ന് പറഞ്ഞതിലൂടെ ആന്റണിക്കെതിരെ മുരളി വ്യക്തമായി തിരിഞ്ഞിരിക്കുകയാണ്. ചരിത്രത്തിന്റെ ഭാഗമായ സംഭവങ്ങളെ കുറിച്ച് താനിപ്പോള്‍ ഒന്നും പറയുന്നില്ലെന്നായിരുന്നു ആന്റണിയുടെ ഇതിനോടുള്ള പ്രതികരണം.
കരുണാകര പക്ഷത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ അത് സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ആഭ്യന്തര സ്വഭാവത്തിന് പുതിയ മാനം നല്‍കും. മുരളി കൂടി പ്രത്യക്ഷമായി ചേരുന്നതോടെ സര്‍ക്കാരിന് അപകടം വിതക്കുന്ന വിധത്തില്‍ പലതും ചെയ്യാമെന്ന ആസൂത്രണം ഐ പക്ഷത്തിനുണ്ട്.












Click it and Unblock the Notifications