സാര്‍സ്: ഇന്ത്യാക്കാരന്‍ സിങ്കപ്പൂരില്‍ മരിച്ചു
സിങ്കപ്പൂര്‍: മാരക കഫ ജ്വരം (സാര്‍സ്) ബാധിച്ച് സിങ്കപ്പൂരില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചു. ഈ രോഗം ബാധിച്ച് മരിയ്ക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ് ഈയാള്‍. ലോകത്ത് എങ്ങും ഇതുവരെ ഒരു ഇന്ത്യാക്കാരനും സാര്‍സ് രോഗം ബാധിച്ച് മരിച്ചിരുന്നില്ല.
സിങ്കപ്പൂരില്‍ ടാക്സി ഡ്രൈവറാണ് മരിച്ച 43 കാരന്‍. പതിനൊന്ന് ദിവസത്തിന് മുമ്പാണ് ഇദ്ദേഹത്തിന് മാരക കഫജ്വരം ഉള്ളതായി കണ്ടെത്തിയത്. തുടക്കത്തില്‍ വൈറല്‍ ഫീവറാണെന്നാണ് കരുതിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മാരക കഫജ്വരമാണെന്ന് കണ്ടെത്തിയത്. മരുന്നുകള്‍ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും അടുത്ത് ഇടപഴകിയ ബന്ധുക്കള്‍ക്കും മറ്റും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കിയതായി സിങ്കപ്പൂരിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ 11 നാണ് ഈയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. എന്നാല്‍ 19 ന് മാത്രമേ രോഗം സാര്‍സ് ആണെന്ന് കണ്ടെത്താനായുള്ളു.
ഇതുവരെ സാര്‍സ് രോഗം ബാധിച്ച് സിങ്കപ്പൂരില്‍ 23 പേര്‍ മരിച്ചു. 201 പേര്‍ക്കാണ് സിങ്കപ്പൂരില്‍ സാര്‍സ് രോഗം ബാധിച്ചിട്ടുള്ളത്. 3000 ത്തിലേറെപേര്‍ സിങ്കപ്പൂരില്‍ സാര്‍സ് രോഗം വരാതിരിയ്ക്കാനായുളള പ്രത്യേക ചികിത്സയിലാണ്.












Click it and Unblock the Notifications