തൃശൂര്‍ പൂരം: സാമ്പിള്‍ വ്യാഴാഴ്ച
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് മെയ് എട്ടിന് വ്യാഴാഴ്ച. പൂരനാളിലെ വിപുലമായ വെടിക്കെട്ടിന്റെ മുന്നോടിയായുള്ളതാണ് സാമ്പിള്‍ വെടിക്കെട്ട്. തിരുവമ്പാടി-പാറമേക്കാവ് പക്ഷങ്ങള്‍ പൂരദിവസത്തിലെ വെടിക്കെട്ടിന് എന്തൊക്കെ ഒരുക്കിയിരിക്കുന്നുവെന്നതിന്റെ സൂചനകള്‍ സാമ്പിള്‍ വെടിക്കെട്ടില്‍ കാണാം. തിരുവമ്പാടിക്ക് വേണ്ടി കുണ്ടന്നൂര്‍ സുന്ദരനും പാറമേക്കാവിന് വേണ്ടി വെണ്ണൂര്‍ രാധാകൃഷ്ണനുമാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് പാറമേക്കാവ് പക്ഷമാണ് സാമ്പിള്‍ വെടിക്കെട്ട് തുടങ്ങുക. സാമ്പിള്‍ വെടിക്കെട്ടിനോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് ആറു മുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങളൊന്നും കടത്തിവിടില്ല.
പൂരത്തിന് മുന്നോടിയായുള്ള പൂരച്ചമയങ്ങളുടെ പ്രദര്‍ശനവും വ്യാഴാഴ്ച ആരംഭിയ്ക്കും. പാറമേക്കാവിന്റെ പൂരച്ചമയപ്രദര്‍ശനം വ്യാഴാഴ്ച വൈകീട്ട് നാലിന് ക്ഷേത്രത്തിനരികിലെ അഗ്രശാലയില്‍ ആരംഭിയ്ക്കും. തിരുവമ്പാടിയുടെ പ്രദര്‍ശനം വ്യാഴാഴ്ച രാവിലെ പത്തിന് തുടങ്ങും. സിഎംഎസ് സ്കൂളിലായിരിക്കും പ്രദര്‍ശനം.
പൂരം നാളിലെ വെടിക്കെട്ട് പുലര്‍ച്ചെ മൂന്നുമണിക്കാണ്. എന്നാല്‍ സാമ്പിള്‍ വെടിക്കെട്ട് വൈകുന്നേരമായതിനാല്‍ നഗരവാസികളായ സ്ത്രീകളും കുട്ടികളും സാമ്പിള്‍ വെടിക്കെട്ട് കാണാനാണ് കൂടുതലായി എത്തുന്നത്.












Click it and Unblock the Notifications