ജുഡീഷ്യല്‍ അന്വേഷണം പോരാ: ബിജെപി
കോഴിക്കോട്: മാറാട് കലാപത്തിന്റെ സത്യാവസ്ഥ അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം മാത്രം നടത്തിയാല്‍ പോരെന്ന് ബിജെപി. മെയ് എട്ട് വ്യാഴാഴ്ച ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായ പി.എസ്. ശ്രീധരന്‍ പിള്ളയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.
ജുഡീഷ്യല്‍ അന്വേഷണത്തോടൊപ്പം സിബിഐ അന്വേഷണത്തിന് കൂടി സര്‍ക്കാര്‍ ഉത്തരവിടണം. ജുഡീഷ്യല്‍ അന്വേഷണം അതിന്റെ വഴിയ്ക്ക് നീങ്ങട്ടെ. പക്ഷെ യുഡിഎഫിലെ ഒരു കക്ഷി കൂടി പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആക്ഷേപമുള്ളതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ മുഴുവന്‍ സത്യവും പുറത്തുവരില്ല. - അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുള്ള തീവ്രവാദികള്‍ക്ക് അക്രമവുമായി ബന്ധമുണ്ടോ എന്നറിയണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണ്ടിവരും. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തില്‍ യുഡിഎഫ് ഘടകക്ഷികളില്‍ ഒരു കൂട്ടര്‍ക്ക് പ്രശ്നത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം കൂടുതല്‍ സമയമെടുക്കുന്ന പ്രക്രിയയാണ്. മാത്രമല്ല, പ്രശ്നത്തിന്റെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സിബിഐ അന്വേഷണം പോലെ ജുഡീഷ്യല്‍ അന്വേഷണത്തിന് കഴിയില്ല. - ശ്രീധരന്‍ പിള്ള പറഞ്ഞു.
ഒരു സമുദായം മറ്റൊരു സമുദായത്തിന് മേല്‍ ഏകപക്ഷീയമായി നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ കശ്മീരില്‍ മാത്രമേ പതിവുള്ളൂ. കശ്മീരിന്റെ സംസ്കാരം കേരളത്തിലേക്കും പരന്നിരിക്കുകയാണ്. സിബിഐ അന്വേഷണം തിരസ്കരിച്ചുകൊണ്ട് തങ്ങളുടെ പങ്കാളികളില്‍ ഒരാളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കരുതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications