തൃശൂര്‍ പൂരം കഴിഞ്ഞു
മുഖാമുഖം നിന്ന് കുടമാറ്റത്തിലൂടെ പെരുമ കാട്ടിയ പാറമേക്കാവ്, തിരുവമ്പാടിക്കാര്‍ പിരിഞ്ഞു. ഇനി വീണ്ടും അടുത്ത മേടത്തിലെ പൂരം നാളില്‍ വീണ്ടും ഒത്തുകൂടാനായി. അടുത്ത വര്‍ഷത്തെ പൂരത്തിന് നിരത്തേണ്ട കുടകളുടെ വര്‍ണ്ണങ്ങളും പൊട്ടിയ്ക്കേണ്ട വെടിയുടെ തന്ത്രങ്ങളുമാണ് ഇനി ഇരു ദേവസ്വപ്രവര്‍ത്തകരുടേയും മനസ്സില്‍ ഇനിമുതല്‍.
കുടമാറ്റത്തിന് തുടക്കമായി
മെയ് 10, 2003
സമയം 5.20 പിഎം
തൃശൂര്‍: പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കുടമാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് തിരുവമ്പാടി, പാറമേക്കാവ് പക്ഷങ്ങള്‍. ഇരുകൂട്ടരും തെക്കേ ഗോപുരനടയിലൂടെ 15 ആനകളുമായി തേക്കിന്‍കാട് മൈതാനത്തിലെത്തി മുഖാമുഖം നിരന്നുകഴിഞ്ഞു. പൂരക്കമ്പക്കാര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ ഓര്‍മ്മിക്കാന്‍ പഞ്ചവാദ്യത്തിന്റെ ലഹരി ഉണരുകയായി. കുടമാറ്റത്തിന് ഇനി ഏറെ വൈകണ്ട.
മൈതാനിയില്‍ പൂഴി നുള്ളിയിട്ടാല്‍ പോലും നിലത്തുവീഴാത്തത്രയും ജനത്തിരക്കാണ്. ഇക്കുറി പൂരം കാണാന്‍ കാഞ്ചി കാമകോടി പീഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതിയും എത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക്ശേഷം പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിന്‍കീഴില്‍ നടന്ന പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം താളക്കമ്പക്കാര്‍ക്ക് ആവേശമായി. തിരുവമ്പാടിയുടെ മഠത്തില്‍നിന്നുള്ള വരവും ആകര്‍ഷണീയമായി.
തൃശൂര്‍ പൂരം തുടങ്ങി
തൃശൂര്‍: മുപ്പത്താറ് മണിക്കൂര്‍ നേരം മേളങ്ങളുടെയും വര്‍ണ്ണങ്ങളുടെയും വിസ്മയമൊരുക്കുന്ന തൃശൂര്‍ പൂരം തുടങ്ങി.
മെയ് 10 ശനിയാഴ്ച നഗരത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവോടെയാണ് ഉത്സവം തുടങ്ങിയത്. ഇനി അധികം വൈകാതെ തിരുവമ്പാടിയുടെ മഠത്തില്‍ നിന്നുള്ള വരവും പാറമേക്കാവിന്റെ കൂട്ടിയെഴുന്നെള്ളിപ്പും നടക്കും. വര്‍ഷങ്ങളായി തിരുവമ്പാടിയ്ക്ക് വേണ്ടി തിടമ്പേറ്റിയിരുന്ന തിരുവമ്പാടി ചന്ദ്രശേഖരന്‍ എന്ന ആന ചെരിഞ്ഞതിന്റെ ദു:ഖം തിരുവമ്പാടി പക്ഷത്തിനുണ്ട്. ഇക്കുറി തിരുവമ്പാടി ശിവസുന്ദര്‍ ആണ് തിരുവമ്പാടിയുടെ തിടമ്പേറ്റുക. പാറമേക്കാവിന് വേണ്ടി പാറമേക്കാവ് ശ്രീപരമേശ്വരന്‍ കോലമേറ്റും.
കത്തിക്കാളുന്ന മേടച്ചൂടിനെ വകവയ്ക്കാതെ പതിനായിരങ്ങള്‍ തേക്കിന്‍കാട് മൈതാനിയില്‍ തിക്കിത്തിരക്കുന്നു. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാവഴികളിലും പൂരലഹരിയോടെ പുരുഷാരം ഒഴുകുകയാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറമേക്കാവിന്റ പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം നടക്കും. ഇക്കുറി പെരുവനം കുട്ടന്‍മാരാരാണ് പ്രമാണക്കാരന്‍. പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയനാണ് പ്രമാണം പിടിക്കുക. തിരുവമ്പാടിയുടെ പഞ്ചവാദ്യത്തിന് അന്നമനട പരമേശ്വരന്‍ മാരാര്‍ പ്രമാണം കൊട്ടും. പാണ്ടിമേളത്തിന് തൃപ്പക്കുളം അച്യുതമാരാര്‍ പ്രമാണക്കാരനാകും.
വൈകീട്ട് അഞ്ചുമണിയോടെ തെക്കോട്ടിറക്കവും അതിന് ശേഷം കുടമാറ്റവും നടക്കും. കാണികളില്‍ അത്ഭുതത്തിന്റെ തിരയുണര്‍ത്തുന്ന ഒട്ടേറെ സ്പെഷ്യല്‍ കുടകള്‍ ഇക്കുറി പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഞായറാഴ്ച വെളുപ്പിന് വെടിക്കെട്ട് നടക്കും.












Click it and Unblock the Notifications