ഫണീഷ് മൂര്‍ത്തിക്കേസ് ഒത്തുതീര്‍പ്പാക്കി; റേകയ്ക്ക് 15 കോടി രൂപ
ബാംഗ്ലൂര്‍: ഇന്‍ഫോസിസിന്റെ മുന്‍ ഡയറക്ടര്‍മാരില്‍ ഒരാളായ ഫണീഷ് മൂര്‍ത്തിയ്ക്കെതിരെയുള്ള ലൈഗികാപവാദ കേസ് വാദിയ്ക്ക് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ഇന്‍ഫോസിസ് തീരുമാനിച്ചു.
കോടതിയ്ക്ക് പുറത്തുണ്ടായ ഈ തീരുമാനം അനുസരിച്ച് കേസ് നല്‍കിയ റേക്ക മാക്സിമോവിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഇന്‍ഫോസിസിനെതിരായ എല്ലാ കേസുകളും പിന്‍വലിയ്ക്കും.
ഇതനുസരിച്ച് ഫണീഷ് മൂര്‍ത്തിയ്ക്ക് എതിരെ കേസ് നല്‍കിയ റേക്ക മാക്സിമോവിച്ച് എന്ന മുന്‍ ഇന്‍ഫോസിസ് ജീവനക്കാരിയ്ക്ക് 30 ലക്ഷം യു എസ് ഡോളര്‍ (ഏകദേശം 15 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കും.
ഇത് 35 ദിവസത്തിനുള്ളില്‍ നല്‍കാനാണ് തീരുമാനം. കമ്പനി 15 ലക്ഷം ഡോളറും ഇന്‍ഷുറന്‍സ് കമ്പനികള്‍ 15 ലക്ഷം ഡോളറും ഇതിനായി കണ്ടെത്തും.
പണം നല്‍കികഴിഞ്ഞാല്‍ ഫണീഷ് മൂര്‍ത്തിയ്കെതിരെ നിയമ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തി ബാംഗ്ലൂരില്‍ വ്യക്തമാക്കി.
2003 ഏപ്രില്‍ 25 നാണ് റേക്ക മാക്സിമോവിച്ചുമായി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്.
ഫണീഷ് മൂര്‍ത്തിയുടെ പ്രതികരണം
തനിയ്ക്കെതിരായ ഇന്‍ഫോസിസിന്റെ നിലപാട് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനും നശിപ്പിയ്ക്കാനുമാണെന്ന് ഫണീഷ് മൂര്‍ത്തി യു എസില്‍ നിന്നയച്ച പ്രതികരണത്തില്‍ അഭിപ്രായപ്പെട്ടു. കേസ് കോടതിയ്ക്ക് പുറത്ത് തീര്‍ക്കേണ്ട ആവശ്യമില്ല. തന്നെ കരിതേച്ച് കാണിയ്ക്കാനാണ് ഇന്‍ഫോസിസ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയയിലെ ഫ്രെമൗണ്ടില്‍ നിന്നാണ് ഫണീഷ് പ്രതികരണം അയച്ചത്. തനിയ്ക്ക് ഈ ഒത്തുതീര്‍പ്പില്‍ പങ്കില്ലെന്നും ഫണീഷ് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിന്റെ ചുരുക്കം
1999 ഒക്ടോബറിനും 2000 ഡിസംബറിനും ഇടയിലാണ് ഫനീഷ് മൂര്‍ത്തി ബള്‍ഗേറിയയില്‍ വേരുകളുള്ള 30 കാരിയായ റേക മാക്സിമോവിച്ചിനെ ലൈംഗികവേഴ്ചയ്ക്കായി പ്രേരിപ്പിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്ന് ഭയന്നതിനാലും മറ്റെവിടെയും ജോലികിട്ടാന്‍ സാധ്യതയില്ലാത്തതിനാലും ഒരു തവണ ഫനീഷ് മൂര്‍ത്തിയുമായി നിരാശാജനകമായ ലൈംഗികവേഴ്ചയുണ്ടായി - ഓക്ലാന്റില്‍ താമസിക്കുന്ന രേഖ മാക്സിമോവിച്ചിന്റെ എട്ട് പേജുള്ള പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
വീണ്ടും ഫനീഷ് മൂര്‍ത്തിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതുമൂലം 2000 ഡിസംബറില്‍ രേഖയെ അദ്ദേഹം ഇന്‍ഫോസിസില്‍ നിന്നും പിരിച്ചുവിട്ടു. തുടര്‍ന്ന് ഒരു വെന്‍ച്വര്‍ കാപിറ്റല്‍ കമ്പനിയിലെ സിഇഒയുടെ എക്സിക്യൂട്ടീവ് അസിസ്റന്റായി ജോലിക്കു ചേര്‍ന്ന രേഖ മാക്സിമോവിച്ചിനെ പിന്നീടും ഫനീഷ് മൂര്‍ത്തി പിന്തുടര്‍ന്നത്രെ. പരാതിയില്‍ ആരോപിച്ചിരുന്നു. പിന്നീടും ഫനീഷ് മൂര്‍ത്തി തന്നെ ലൈംഗികവേഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും താന്‍ വിസമ്മതിച്ചതായി രേഖ പറയുന്നു.
തുടര്‍ന്ന് 2001 ഡിസംബര്‍ 17നാണ് രേഖ മാക്സിമോവിച്ച് യു എസിലെ ഓക്ലാന്റിലെ അലമേഡ കോടതിയില്‍ ഫനീഷ് മൂര്‍ത്തിക്കെതിരെ കേസ് നല്കുന്നത്. ലൈംഗികപീഡനത്തിനും ഗോപ്യമായി തന്നെ പിന്നീടും പിന്തുടര്‍ന്നതിനും വൈകാരികമായ പീഡിപ്പിച്ചതിനും അനാവശ്യമായി തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനും ആണ് രേഖ പരാതി നല്കിയിരിക്കുന്നത്. വലിയ ഒരു തുക രേഖ മാക്സിമോവിച്ച് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു.
റേക കേസ് നല്‍കിയതിനെ തുടര്‍ന്ന് ഫനീഷ് മൂര്‍ത്തി സ്വയം രാജിവച്ചൊഴിഞ്ഞു. രാജി വച്ചപ്പോള്‍ ഇന്‍ഫോസിസ് ഫണീഷ് മൂര്‍ത്തിയ്ക്ക് 5,70,000 ഡോളര്‍ നല്‍കിയിരുന്നതായി കമ്പനി ചെയര്‍മാന്‍ നാരായണ മൂര്‍ത്തി മേയ് 11 ഞായറാഴ്ച ബാംഗ്ലൂരില്‍ വ്യക്തമാക്കി.
ലൈംഗികാപവാദക്കേസില്‍ കുടുങ്ങി രാജിവച്ച ഇന്‍ഫോസിസ് മുന്‍ ആഗോള വില്പന-വിപണനവിഭാഗം മേധാവി ഫനീഷ് മൂര്‍ത്തിയെ തിരിച്ചെടുക്കില്ലെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി 2002 സപ്തംബര്‍ 20 വെള്ളിയാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
ലൈംഗികാപവാദക്കേസിലെ കോടതിനടപടികള്‍ പൂര്‍ത്തിയായാല്‍ ഫനീഷ് മൂര്‍ത്തിയെ തിരിച്ചെടുക്കുമെന്ന് ഊഹാപോഹം പരന്നിരുന്നു. ഇത് നിഷേധിക്കാനാണ് നാരായണമൂര്‍ത്തി അടിയന്തരമായി അന്ന് വാര്‍ത്താ കുറിപ്പ് ഇറക്കിയത്.












Click it and Unblock the Notifications