ത്രിശൂലത്തിനെതിരെ ഗാന്ധിത്തൊപ്പി
കോഴിക്കോട്: വിഎച്ച്പിയുടെ ത്രിശൂലം വിതരണത്തെ ഗാന്ധിത്തൊപ്പി വിതരണം ചെയ്തുകൊണ്ട് നേരിടുമെന്ന് എന്‍സിപിയുടെ യുവജനവിഭാഗമായ നാഷണല്‍ യൂത്ത് കോണ്‍ഗ്രസ്. ഗാന്ധിയുടെ അഹിംസയും സമാധാനവും രാജ്യമെങ്ങും വ്യാപിപ്പിക്കാനാണ് എന്‍സിപി യൂത്ത് വിംഗ് ഗാന്ധിത്തൊപ്പികള്‍ വിതരണം ചെയ്യുക.
എന്‍സിപിയുടെ യുവപ്രവര്‍ത്തകര്‍ക്ക് എല്ലാ സംസ്ഥാനങ്ങളിലും ഗാന്ധിത്തൊപ്പികള്‍ വിതരണം ചെയ്യുമെന്ന് നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് (എന്‍വൈസി) അഖിലേന്ത്യാ ജനറല്‍ സെക്രട്ടി സണ്ണി തോമസ് മെയ് 17 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗാന്ധിത്തൊപ്പി വിതരണത്തിന്റെ അഖിലേന്ത്യാഉദ്ഘാടനം ദില്ലിയില്‍ മെയ് 30ന് എന്‍സിപി പ്രസിഡന്റ് ശരത് പവാര്‍ നിര്‍വഹിക്കും.
ത്രിശൂലം വിതരണം വര്‍ഗ്ഗീയത വളര്‍ത്താനേ ഉപകരിക്കൂ. അത് ആയുധമായും ഉപയോഗിക്കാം. ഇതില്‍ പ്രതിഷേധിച്ച് മെയ് 30മുതല്‍ എന്‍സിപിയുടെ യുവപ്രവര്‍ത്തകര്‍ പൊതുപരിപാടികളില്‍ ഗാന്ധിത്തൊപ്പി ധരിച്ചാണ് പങ്കെടുക്കുകയെന്നും സണ്ണി തോമസ് പറഞ്ഞു.
വിഎച്ച്പിയുടെ ത്രിശൂലം വിതരണത്തെ എതിര്‍ക്കാത്ത ആന്റണി സര്‍ക്കാരിനെയും സണ്ണി തോമസ് വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് അവരുടെ അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications