മദനിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചില്ല
തിരുവനന്തപുരം: ജയിലില്‍ കിടക്കുന്ന മദനിയെ മോചിപ്പിയ്ക്കാനായി താന്‍ മുന്‍കൈയെടുത്തെന്ന ആരോപണം മന്ത്രി ഒ രാജഗോപാല്‍ നിഷേധിച്ചു. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനും ടെലിവിഷന്‍ ചാനലിനും എതിരേ ക്രിമിനല്‍ നടപടി സ്വീകരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്ക് അത് പിന്‍വലിച്ചാല്‍ നിയമ നടപടിയില്‍ നിന്ന് പിന്മാറും. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
സുഫിയാ മദനി ഒന്നര വര്‍ഷം മുമ്പ് തന്നെ വന്ന് കണ്ടിരുന്നെന്ന് രാജഗോപാല്‍ വ്യക്തമാക്കി. അവര്‍ അദ്വാനിയ്ക്ക് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തനിയ്ക്ക് ഒരു പങ്കും ഇല്ല. മദനിയെ ജയിലിലാക്കിയത് കോടതിയാണ്. അതുകൊണ്ട് അദ്ദേഹത്തെ വിടണമെങ്കില്‍ ആ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. മാത്രമല്ല അദ്വാനിയേയും തന്നെയും വധിയ്ക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മദനി പ്രതി ആയിരിയ്ക്കുന്നത്. ഇതിനെതിരെ തനിയ്ക്ക് എങ്ങനെ നീങ്ങാനാവും? രാജഗോപാല്‍ ചോദിച്ചു.
കഴിഞ്ഞ മാസം സുഫിയാ മദനി ദില്ലിയില്‍ ചെന്ന് മന്ത്രി ഒ രാജഗോപാലിനെ കണ്ടെന്നും രാജഗോപാലും സുഫിയാ മദനിയും കൂടി അദ്വാനിയെ കണ്ട് മദനിയെ മോചിപ്പിയ്ക്കാനായി വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നുമായിരുന്നു വാര്‍ത്ത വന്നത്.
ദേശാഭിമാനി പത്രവും കൈരളി ചാനലുമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications