ധാതുമണല്‍ ഖനനം: എതിര്‍പ്പ് ശക്തം
ആലപ്പുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ സ്വകാര്യ കമ്പനിക്ക് ധാതുമണല്‍ ഖനനത്തിന് അനുമതി കൊടുത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യു ഡി എഫില്‍ എതിര്‍പ്പ് ശക്തമാവുന്നു.
പദ്ധതിക്കെതിരെ സര്‍വകക്ഷി സമിതിക്ക് രൂപം കൊടുത്തിരിക്കുന്ന സുധീരന് പിന്നാലെ യു ഡി എഫിലെ ഘടകകക്ഷികളും സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആര്‍ എസ് പി (ബി) ആക്ടിംഗ് സെക്രട്ടറി എ. വി. താമരാക്ഷന്‍ പദ്ധതിക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. മറ്റ് ഘടകകക്ഷികള്‍ പരസ്യപ്രസ്താവന നടത്തിയിട്ടില്ലെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിനോട് അവര്‍ക്കും യോജിപ്പില്ല. കോണ്‍ഗ്രസിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമൊഴികെയുള്ള യു ഡി എഫിലെ ഘടകക്ഷികള്‍ പദ്ധതിക്കെതിരാണ്.
പദ്ധതി സംബന്ധിച്ച് ഉള്ളില്‍ത്തന്നെ അഭിപ്രായഭിന്നതകളുള്ളതിനാല്‍ പ്രതിപക്ഷം ആദ്യം നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ശക്തമായി രംഗത്തുണ്ട്. ധാതുമണല്‍ ഖനനത്തോട് എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ സി പി എമ്മിന്റെ സമീപനത്തില്‍ അവ്യക്തതയുണ്ടെങ്കിലും ധാതുമണല്‍ ഖനനം ചെയ്യാന്‍ സ്വകാര്യവ്യക്തികളെ അനുവദിക്കരുതെന്ന നിലപാടുമായാണ് പ്രതിപക്ഷം മുന്നോട്ടുവന്നിരിക്കുന്നത്.
പ്രശ്നത്തെ ചൊല്ലി കോണ്‍ഗ്രസ് രണ്ടുതട്ടിലാണ്. യു ഡി എഫില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന് ശേഷം സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന സുധീരനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് മുറുമുറുപ്പുണ്ടെങ്കിലും സുധീരന്റെ നിലപാടിനെ പിന്തുണക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസിലുണ്ട്. പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയായിരിക്കും ഫലമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications