തമിഴ്മന്ത്രിയുടെ വധം: പ്രതികള്‍ പിടിയില്‍
ചെന്നൈ: മുന്‍ ഡിഎംകെ മന്ത്രിയും മുന്‍ രാജ്യസഭാംഗവുമായ ടി. കിറുട്ടിനനെ വധിച്ചവര്‍ മധുരയില്‍ പിടിയിലായി. ഇവരെ മധുരയില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
പ്രതികള്‍ കുറ്റം സമ്മതിച്ചതായും അറിയുന്നു. പക്ഷെ ആരാണ് കിറുട്ടിനനെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് പണം നല്കിയതെന്ന കാര്യം മാത്രമേ ഇനി അറിയാനുള്ളൂ. കരുണാനിധിയുടെ മകന്‍ അഴഗിരിയാണ് കൊലയ്ക്ക് പിന്നിലെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഡിഎംകെയില്‍ കരുണാനിധിയുടെ മകന്‍ സ്റാലിന്റെ ഗ്രൂപ്പില്‍ പെട്ടയാളാണ് കിറുട്ടിനന്‍. ഡിഎംകെയുടെ ശിവഗംഗ, മധുര മേഖലകളുടെ ചുമതല കിറുട്ടിനനായിരുന്നു. സ്റാലിന്റെ എതിര്‍ഗ്രൂപ്പുകാരനുമായ അഴഗിരിയുമായി കിറുട്ടിനന്‍ നല്ല ബന്ധത്തിലായിരുന്നില്ല. ശിവഗംഗ, മധുര മേഖലകളില്‍ അഴഗിരിയ്ക്ക് വേണ്ടത്ര സ്ഥാനം ഡിഎംകെയില്‍ നല്കുന്നില്ലെന്നും ഇതിന് പിന്നില്‍ കിറുട്ടിനന്റെ കയ്യാണെന്നും അഴഗിരി വിശ്വസിച്ചിരുന്നു. ഇതിന്റെ പേരിലാണ് അഴഗിരി കിറുട്ടിനനെ വധിച്ചതെന്ന് കരുതപ്പെട്ടിരുന്നു.
പക്ഷെ ഇപ്പോള്‍ കിറുട്ടിനന്‍ നടത്തിയ വലിയൊരു സ്വത്ത് തട്ടിപ്പിന്റെ കഥ കൂടി പുറത്തുവന്നിരിക്കുകയാണ്. മലേഷ്യയില്‍ വ്യവസായിയായ തമിഴ്നാട് സ്വദേശിയ്ക്ക് ശിവഗംഗ, മധുര മേഖലകളില്‍ ഒട്ടേറെ സ്വത്തുക്കള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കിറുട്ടിനനായിരുന്നു ഇതെല്ലാം നോക്കിനടത്തിയിരുന്നത്. എന്നാല്‍ മലേഷ്യയിലെ ഈ വ്യവസായി അടുത്തിടെ മരിച്ചതോടെ ഈ സ്വത്തുക്കളെല്ലാം കിറുട്ടിനന്‍ സ്വന്തം പേരിലാക്കി മാറ്റിയത്രെ. ഇതിന്റെ പേരില്‍ മലേഷ്യയിലെ വ്യവസായിയുടെ സഹോദരന്റെ മക്കള്‍ കിറുട്ടിനനെ വധിച്ചതാണെന്നും ആരോപണം ഉണ്ട്.
കെ.കെ. നഗറിലുള്ള അദ്ദേഹത്തിന്റെ വസതിയ്ക്കടുത്തുള്ള റോഡില്‍ വച്ചാണ് മെയ് 20 ചൊവാഴ്ച പുലര്‍ച്ചെ പ്രഭാത കാല്‍നട സവാരിക്കിറങ്ങിയ മന്ത്രിയെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
കിറുട്ടിനന്റെ കൊല നടന്നതിന്റെ പിറ്റേന്ന് തന്നെ അഴഗിരിയെ പൊലീസ് അറസ്റ് ചെയ്തിരുന്നു. അഴഗിരി ഇപ്പോള്‍ ജയിലിലാണ്. പിടിയിലായവര്‍ വാടകക്കൊലയാളികളാണ്.


Click it and Unblock the Notifications