നേതാക്കള്‍ ഒന്നിച്ച് മാറാട് സന്ദര്‍ശിക്കണം
കോഴിക്കോട്: കൂട്ടക്കൊല നടന്ന മാറാട്ട് രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഒന്നിച്ച് സന്ദര്‍ശനം നടത്തണമെന്ന് ഇന്ത്യന്‍ സുന്നി സ്കോളേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും കലാപം നടന്ന സ്ഥലത്ത് സമാധാനം തിരികെ കൊണ്ടുവരുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസംഘടനകളുടെയും നേതാക്കള്‍ ഒന്നുചേര്‍ന്ന് മാറാട് സന്ദര്‍ശിക്കാന്‍ തയ്യാറാവണം. രാഷ്ട്രീയ പാര്‍ട്ടികളുടെ വെവേറെയുള്ള സന്ദര്‍ശനം മാറാട്ടെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കാന്‍ മാത്രമേ ഉപകരിക്കൂ. ഒന്നിച്ചുള്ള വേദി ഉണ്ടാക്കുന്നതിന് ഭരണ, പ്രതിപക്ഷ കക്ഷികള്‍ മുന്‍കൈയെടുക്കണം.
കലാപത്തിന് ശേഷം മാറാട് പള്ളി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ശരിയല്ല. വഖഫ് ബോര്‍ഡിന് പള്ളി തിരികെയേല്പിച്ച് വിശ്വാസികള്‍ക്ക് ആരാധാന നടത്താന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണം.
പള്ളിയിലെങ്ങനെയാണ് ആയുധങ്ങള്‍ എത്തിയതെന്നാണ് അന്വേഷിക്കേണ്ടത്. ഒരു ചെറിയ വിഭാഗം കുറ്റവാളികള്‍ ചെയ്ത കൃത്യത്തിന് ന്യൂനപക്ഷ സമുദായത്തെ ഒന്നടങ്കം കുറ്റപ്പെടുത്താനാവില്ല- കാന്തപുരം പറഞ്ഞു.












Click it and Unblock the Notifications