ബീയര്‍ പാര്‍ലറിനെ ചൊല്ലിയും തോമസ് പത്മജ പോര്
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് മന്ത്രി കെ. വി. തോമസും കെ ടി ഡി സി അദ്ധ്യക്ഷ പത്മജയും വീണ്ടും ഏറ്റുമുട്ടുകയാണ്. നേരത്തേ കെ ടി ഡി സിയ്ക്ക് കിട്ടുന്ന സഹായം സംബന്ധിച്ചാണ് തര്‍ക്കം നടന്നതെങ്കില്‍ ഇപ്പോള്‍ ബീയര്‍ പാര്‍ലറാണ് വിഷയം.
കൂടുതല്‍ ബീയര്‍ പാര്‍ലറുകള്‍ തുറക്കുമെന്ന് കഴിഞ്ഞ ദിവസം പത്മജ പറഞ്ഞതാണ് തോമസിന് രസിയ്ക്കാതെ പോയത്. തന്റെ അനുമതി ഇല്ലാതെ എങ്ങനെ പത്മജ ബീയര്‍ പാര്‍ലര്‍ തുറക്കുമെന്നാണ് തോമസ് ചോദിയ്ക്കുന്നത്. തോമസ് ഇതിനെ നല്ല ഭാഷയില്‍ പറഞ്ഞെന്നേയുള്ളു. കെ ടി ഡി സി യ്ക്ക് ബീയര്‍ പാര്‍ലറുകള്‍ തുറക്കണമെങ്കില്‍ തന്റെയും മന്ത്രിസഭയുടേയും അംഗീകാരം വേണമെന്നാണ് തോമസ് പറയുന്നത്.
കെ ടി ഡി സിയ്ക്ക് കഴിഞ്ഞ ബജറ്റില്‍ ഒരു ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. അത് ഈ ബജറ്റില്‍ അഞ്ച് കോടി ആയി കൂട്ടിയിട്ടുണ്ട്. കെ ടി ഡി സിയ്ക്ക് കിട്ടുന്ന പണം തോന്നുന്നതുപോലെ ചെലവാക്കാനാവില്ല. പദ്ധതികള്‍ക്കാണ് പണം നല്‍കുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് കെ ടി ഡി സി. വകുപ്പിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായേ കെ ടി ഡി സിയ്ക്ക് പ്രവര്‍ത്തിയ്ക്കാനാവുകയുള്ളു. തോമസ് പറഞ്ഞു.
പോര് ബീയര്‍ പാര്‍ലറിനെക്കുറിച്ചാണെങ്കിലും ഇതിന്റെ അടിസ്ഥാന കാരണം എല്ലാപേര്‍ക്കും അറിയാവുന്നതുപോലെ തോമസ് ഐ ഗ്രൂപ്പില്‍ നിന്ന് കാല് മാറിയത് തന്നെയാണ്.












Click it and Unblock the Notifications