വെള്ളാപ്പള്ളി ആറ് ലക്ഷം നല്കാന്‍ വിധി
ആലപ്പുഴ: വാഹനാപകടക്കേസില്‍ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ കോടതിവിധി. വാഹനാപകടത്തില്‍ മരിച്ചയാളുടെ ആശ്രിതര്‍ക്കും പരിക്കേറ്റയാള്‍ക്കും പലിശയുള്‍പ്പെടെ വെള്ളാപ്പള്ളി നടേശന്‍ ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് ആലപ്പുഴ എംഎസിടി ജഡ്ജി ലിസമ്മ അഗസ്റിന്‍ വിധിച്ചു.
ഇന്‍ഷ്വറന്‍സ് കമ്പനിയല്ല, വാഹനഉടമയായ വെള്ളാപ്പള്ളി തന്നെ തുക നല്കേണ്ടിവരും. വാഹനത്തിന്റെ ഡ്രൈവറും ഇന്‍ഷ്വറന്‍സ് കമ്പനിയും കേസില്‍ കക്ഷികളല്ലാത്ത സാഹചര്യത്തിലാണ് വാഹനഉടമയില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി ഉത്തരവിട്ടത്. 1991ല്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച കൊമ്മാടി കാട്ടുങ്കല്‍വെളി വീട്ടില്‍ ആന്റണിയുടെ മകള്‍ അനിതാ ആന്റണി ആലപ്പുഴ എംഎസിടി കോടതിയില്‍ നല്കിയ കേസിലാണ് വെള്ളാപ്പള്ളിയ്ക്കെതിരെ വിധിയുണ്ടായത്.
1991 മെയ് നാലിന് ആലപ്പുഴ കൊമ്മാടി ജംഗ്ഷനില്‍ കൂലിപ്പണിക്കാരായ ആന്റണിയെയും കൊമ്മാടി പുളിച്ചിമാഞ്ചുവട്ടില്‍ വേലപ്പനെയും കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കെഎല്‍വൈ 9444 എന്ന രജിസ്റര്‍ നമ്പറുള്ള കാറാണ് ഇരുവരെയും ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന്റണി മരിച്ചു. വേലപ്പന് വൃക്ക നഷ്ടപ്പെട്ടു. എന്നാല്‍ ഈ കേസ് ആലപ്പുഴ നോര്‍ത്ത് പൊലീസ് എഴുതിത്തള്ളി.
വാഹനത്തിന്റെ ഉടമയായ വെള്ളാപ്പള്ളിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് കേസ് തള്ളിയതെന്ന് ആരോപിച്ചാണ് ആന്റണിയുടെ മകള്‍ അനിതാ ആന്റണി കോടതിയെ സമീപിച്ചത്. 12 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ആന്റണിയുടെയും വേലപ്പന്റെയും കുടുംബത്തിന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications