ജോസഫ് ഗ്രൂപ്പ് പിളര്‍പ്പിലേക്ക്
കോട്ടയം: മുന്‍മന്ത്രി പി.ജെ. ജോസഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസ്(ജെ) പിളര്‍പ്പിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ പി.സി. ജോര്‍ജ്ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പ് കേരള കോണ്‍ഗ്രസി(ജെ)ല്‍ രൂപം കൊണ്ടു കഴിഞ്ഞു. ഇവര്‍ പുതിയൊരു പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.
മാണി ഗ്രൂപ്പില്‍ ലയിക്കാനുള്ള പി.ജെ. ജോസഫിന്റെ നീക്കങ്ങളെ ശക്തമായി എതിര്‍ത്തുവരികയായിരുന്നു പി.സി. ജോര്‍ജ്ജ് എംഎല്‍എ. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും മറ്റൊരു ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെ നല്ലൊരു ശതമാനം പേരെ പി.സി. ജോര്‍ജ്ജ് എംഎല്‍എ സ്വന്തം പക്ഷത്ത് നിരത്തിക്കഴിഞ്ഞു. ഇവര്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയോടൊപ്പം നില്ക്കാനാണ് ആലോചിക്കുന്നത്.
പക്ഷെ ഇന്നത്തെ നിലയില്‍ പി.ജെ. ജോസഫ് മാണി ഗ്രൂപ്പുമായി ഉടന്‍ ലയിക്കാന്‍ സാധ്യതയില്ല. അതേ സമയം ഇരുഗ്രൂപ്പുകളും അടുത്തുകൊണ്ടിരിക്കുകയാണ്. മതികെട്ടാന്‍ പ്രശ്നത്തില്‍ ഇരുവരുടെയും അടുപ്പം പരസ്യമായിരുന്നു. അന്ന് മാണി ഗ്രൂപ്പിനൊപ്പം ജോസഫ് നിലകൊണ്ടത് ഇടതുമുന്നണിയ്ക്കു തന്നെ തലവേദന സൃഷ്ടിച്ചിരുന്നു.
തുടര്‍ച്ചയായി കെ.എം. മാണിയ്ക്കെതിരെ ആരോപണങ്ങളുമായി പി.സി. ജോര്‍ജ്ജ് രംഗത്ത് വരുന്നതാണ് ജോസഫിനെ ചൊടിപ്പിച്ചതെന്ന് അറിയുന്നു. പി.സി. തോമസ് ബിജെപിയോടടുത്തതിന് കാരണം മാണിയാണെന്ന പി.സി. ജോര്‍ജ്ജിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും ഏറെ വിവാദമുണ്ടാക്കിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആന്റണി സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ പി.സി. ജോര്‍ജ്ജ് ശ്രമിച്ചുവെന്ന എം.വി. രാഘവന്റെ ആരോപണവും വിവാദം സൃഷ്ടിച്ചിരുന്നു. പി.സി. ജോര്‍ജ്ജിനെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ ഈ കാരണങ്ങളാണ് ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നത്.












Click it and Unblock the Notifications