എല്‍ ഡി എഫിന് തലവേദന
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പൊടുന്നനെയുണ്ടായ പിളര്‍പ്പ് എല്‍ഡിഎഫിന് തലവേദനയാവുന്നു. ജൂണ്‍ രണ്ട് തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ജോസഫ് ഗ്രൂപ്പിലെ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യും.
എന്‍ സി പിയോടും കോണ്‍ഗ്രസ് എസിനോടും എല്‍ ഡി എഫ് സ്വീകരിച്ചിരിക്കുന്ന നയം ജോസഫ്, പി. സി. ജോര്‍ജ് വിഭാഗങ്ങളോട് സ്വീകരിക്കാനാവില്ല. എന്‍സിപിയും കോണ്‍ഗ്രസ് എസും ഇപ്പോള്‍ മുന്നണിക്ക് അകത്തു പുറത്തുമല്ലാത്ത സ്ഥിതിയിലാണ്. എന്നാല്‍ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് സംബന്ധിച്ച് എല്‍ഡിഎഫിന് ഉടന്‍ തീരുമാനമെടുത്തേ മതിയാവൂ. ക്രൈസ്തവരെ എല്‍ഡിഎഫിനോട് ഒന്നിച്ചുനിര്‍ത്താനുള്ള ഒരു വഴിയാണ് എല്‍ഡിഎഫിന് കേരള കോണ്‍ഗ്രസ്.
ജോസഫും ജോര്‍ജും എല്‍ഡിഎഫിന് ഒപ്പം നില്‍ക്കാന്‍ താത്പര്യപ്പെടുന്നവരാണ്. മാണി ഗ്രൂപ്പിനോട് ജോസഫ് ഗ്രൂപ്പിന് ചായ്വുണ്ടെങ്കിലും ലയനമാണ് അവരുടെ അന്തിമലക്ഷ്യമെങ്കിലും അത് ഉടന്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്തതിനാല്‍ എല്‍ ഡി എഫില്‍ തന്നെ നില്‍ക്കുക എന്നതാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്. ജോര്‍ജിനേക്കാള്‍ പ്രബലനാണ് ജോസഫെങ്കിലും നാളെ യു ഡി എഫിനൊപ്പം എന്ന ഒരു സംശയം എല്‍ ഡി എഫിന് ജോസഫിനെ സംബന്ധിച്ചുണ്ട്.
കുറച്ചുകാലമായി ജോസഫിനേക്കാള്‍ ജോര്‍ജാണ് സി പി എമ്മുമായി മികച്ച ബന്ധം പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ജോര്‍ജിനെ കൈയൊഴിയാന്‍ സിപിഎമ്മിന് മടിയുണ്ടാവും. രണ്ട് പേരെയും മുന്നണിയില്‍ നിര്‍ത്തുകയെന്നത് എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് രണ്ട് എം എല്‍ എമാരും ഒരു എം പിയുമാണുള്ളത്. പി. സി. ജോര്‍ജിനെ കൂടാതെ കെ. സി. തോമസ് ആണ് ജോസഫ് ഗ്രൂപ്പിന്റെ എം എല്‍ എ. തോമസ് ജോസഫിന്റെയാളാണ്. ഇടുക്കി എം പി ഫ്രാന്‍സിസ് ജോര്‍ജും ജോസഫിനോടൊപ്പമാണ് നില്‍ക്കുന്നത്.












Click it and Unblock the Notifications