വിഷവാതകം ശ്വസിച്ച് 35 പേര്‍ ആശുപത്രിയില്‍
കൊട്ടാരക്കര: കൊട്ടറയില്‍ കശുവണ്ടി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് അവശനിലയിലായ സ്ത്രീകളായ 35 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരും അപകടനിലയിലാണ്.
മീയണ്ണൂര്‍ കൊട്ടറ ശില്പ കശുവണ്ടി ഫാക്ടറിയില്‍ ജൂണ്‍ മൂന്ന് ചൊവാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളികള്‍ കുഴഞ്ഞുവീണു. ചിലര്‍ക്ക് ഛര്‍ദിയുണ്ടായി.
അവശനിലയിലായ 14 പേരെ കൊട്ടാരക്കറ താലൂക്ക് ആശുപത്രിയിലും എട്ടുപേരെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ സഫിയ (32)യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കശുവണ്ടിയില്‍ കീടബാധ തടയുന്നതിന് കീടനാശിനി തളിച്ചതാണ് അപകടത്തിന് കാരണമായത്. കീടനാശിനി തളിച്ചാല്‍ രണ്ട് ദിവസത്തിന് ശേഷം മാത്രമേ ഫാക്ടറി തുറക്കാന്‍ പാടുള്ളൂ. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം കീടനാശിനി തളിച്ച് പിറ്റേന്ന് രാവിലെ തന്നെ ഫാക്ടറി തുറന്നു. ഫാക്ടറി തുറന്നപ്പോള്‍ ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യവും തലവേദനയുമുണ്ടായതിനെ തുടര്‍ന്ന് വീണ്ടുമടച്ചു. ചൊവാഴ്ച രാവിലെ വീണ്ടും തുറന്നപ്പോഴാണ് അപകടമുണ്ടായത്.












Click it and Unblock the Notifications