മീന്‍ചികിത്സ: ശാസ്ത്രീയത പരിശോധിക്കും
ദില്ലി: ആസ്തമ രോഗികള്‍ക്ക് മീന്‍ ചികിത്സ എത്രത്തോളം ഫലപ്രദമാണെന്ന് അറിയാന്‍ ശാസ്ത്രീയമായ പഠനം നടത്താന്‍ ആന്ധ്ര സര്‍ക്കാര്‍ മുന്നോട്ട് വരുന്നു. ആന്ധ്രയിലെ പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി സി. ഛായാ രത്തന്‍ അറിയിച്ചതാണ് ഇക്കാര്യം.
മീന്‍ ചികിത്സ വെറും തട്ടിപ്പാണെന്നും ഇതിന് ആന്ധ്ര സര്‍ക്കാര്‍ നല്കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മീന്‍ ചികിത്സയുടെ ശാസ്ത്രീയ അടിത്തറ പരിശോധിക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.
ഹരിനാഥ് ഗൗഡ് കുടുംബത്തില്‍പ്പെട്ടവരാണ് ആന്ധ്രയില്‍ മീന്‍ ചികിത്സ നടത്തുന്നത്. പ്രകൃതിദത്തമായ ഒരു മരുന്ന്കൂട്ട് നിറച്ച രണ്ട് ഇഞ്ച് നീളമുള്ള മത്സ്യം ആസ്തമ രോഗികള്‍ക്ക് വിഴുങ്ങാന്‍ നല്കുന്നതാണ് ചികിത്സ. മീന്‍ ചികിത്സ എടുക്കുന്ന പലര്‍ക്കും ആസ്തമ ഭേദമാകുന്നുണ്ട്. എന്നാല്‍ മത്സ്യത്തിന്റെ ഉള്ളില്‍ നിറയ്ക്കുന്ന മരുന്നിന്റെ കൂട്ട് ഇതുവരെ ഹരിനാഥ് ഗൗഡ് കുടുംബം വെളിപ്പെടുത്തിയിട്ടില്ല. 150 വര്‍ഷം മുമ്പ് പൂര്‍വീകര്‍ കണ്ടെത്തിയതാണ് ഈ ചികിത്സാരീതിയെന്ന് കുടുംബം അവകാശപ്പെടുന്നു.
ഓരോ വര്‍ഷവും ഇവിടെ മീന്‍ ചികിത്സയ്ക്കായി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി ലക്ഷങ്ങള്‍ എത്താറുണ്ട്. ഈ വര്‍ഷത്തെ ചികിത്സ ജൂണ്‍ രണ്ടാം ആഴ്ച തുടങ്ങും. മീന്‍ ചികിത്സ തട്ടിപ്പാണെന്ന് ഈയിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആന്ധ്ര വിഭാഗം പ്രസിഡന്റ് ഡോ. എം.പി. രംഗ റെഡ്ഡി പ്രസ്താവിച്ചതോടെ മീന്‍ ചികിത്സ ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കുകയാണ്.












Click it and Unblock the Notifications