സിപിഎമ്മില്‍ നിന്ന് കൂട്ടരാജി
കൊല്ലം: സിപിഎമ്മിന് കനത്ത ആഘാതമേല്പിച്ചുകൊണ്ട് കരുനാഗപ്പള്ളിയില്‍ ഒരു വലിയ സംഘം സിപിഎം പ്രവര്‍ത്തകര്‍ സിഐടിയു പക്ഷത്തേക്ക് കൂറുമാറി. ഇതില്‍ മുന്‍ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പരമേശ്വരന്‍ പോറ്റി, മുന്‍ എംഎല്‍എ പി. ഉണ്ണികൃഷ്ണപിള്ള എന്നിവരുള്‍പ്പെടെ എട്ട് ഏരിയാ സമിതി അംഗങ്ങളും 107 ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടുന്നു.
കരുനാഗപ്പള്ളിയില്‍ സിഐടിയു നേതാവ് വി.ബി. ചെറിയാന്റെ നേതൃത്വത്തില്‍ വിമതനേതാക്കള്‍ യോഗം ചേര്‍ന്നശേഷമാണ് സിപിഎമ്മില്‍ നിന്ന് കൂട്ടരാജി വയ്ക്കുന്നതായ പ്രഖ്യാപനമുണ്ടായത്. ഈ യോഗത്തില്‍ സിഐടിയു ചായ്വുള്ള കേരള കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റ് കടക്കല്‍ സുന്ദരേശനും സിപിഎം ആക്ടിംഗ് ജില്ലാ സെക്രട്ടറി കെ.പി. വിശ്വവത്സനും പങ്കെടുത്തു. കരുനാഗപ്പള്ളിയില്‍ സിപിഎമ്മില്‍ നിന്ന് രാജിവച്ചവരില്‍ നാല് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും 976 പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടുന്നു. ഇവിടെ ആകെ 1,894 പാര്‍ട്ടിഅംഗങ്ങളേ ഉള്ളൂ.
രാജിവച്ചവര്‍ ബിടിആര്‍-ഇഎംഎസ്-എകെജി ജനകീയ വേദി എന്ന പേരില്‍ സമാന്തര സംഘടനയ്ക്കും രൂപം നല്കിയിട്ടുണ്ട്. ഈ കൂട്ടരാജി സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ജില്ലയില്‍ ആദ്യമായി സിപിഎമ്മില്‍ അംഗത്വമെടുത്ത കെ.പി. നാണു, കെഎസ്വൈഎഫ് ആദ്യ കാലനേതാവും എകെപിസിടിഎ നേതാവും എകെജി സെന്ററില്‍ മുന്‍പ് പാര്‍ട്ടി സൈദ്ധാന്തിക പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനുമായ റിട്ട.പ്രൊഫ. എന്‍. രാജശേഖരന്‍നായര്‍, പുന്നപ്ര, വയലാര്‍ സമരത്തെ അനുകൂലിച്ചതിന്റെ പേരില്‍ ജയില്‍വാസമനുഭവിച്ച അവിഭക്ത കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ കുലശേഖരപുരം ലോക്കല്‍ സെക്രട്ടറിയായിരുന്ന മണ്ടത്തറ ദിവാകരന്‍ എന്നിവരുടെ രാജി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. രാജി പ്രഖ്യാപന യോഗവേദിയിലേക്ക് ഇവര്‍ കയറിവന്നപ്പോള്‍ വികാരനിര്‍ഭരമായ അന്തരീക്ഷം ഉണ്ടായി.












Click it and Unblock the Notifications