ആദിവാസിഭൂമി: കേന്ദ്രസംഘം എത്തുന്നു
തിരുവനന്തപുരം: ആദിവാസി ഭൂമിപ്രശ്നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസംഘം എത്തുന്നു. ജൂണ്‍ 16 തിങ്കളാഴ്ചയാണ് കേന്ദ്രം സംഘം എത്തുക. വനംമന്ത്രി കെ. സുധാകരനാണ് ജൂണ്‍ ഏഴ് ശനിയാഴ്ച പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റര്‍ പരിപാടിയില്‍ ഇക്കാര്യം അറിയിച്ചത്.
ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെതുടര്‍ന്ന് ഒട്ടേറെ പ്രശ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്രസംഘം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നറിയുന്നു. ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി വനഭൂമി വിട്ടുകൊടുക്കാനും കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ആറളം ഫാം വിട്ടുകൊടുക്കാനും സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനിടയില്‍ കേന്ദ്രസംഘം നടത്തുന്ന ഈ സന്ദര്‍ശനത്തെ താല്പര്യപൂര്‍വമാണ് സംസ്ഥാന സര്‍ക്കാര്‍ വീക്ഷിക്കുന്നത്.
ആദിവാസികള്‍ക്ക് വാഗ്ദാനം ചെയ്ത വനഭൂമി വിട്ടുകൊടുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് നാല് മാസം മുമ്പ് മുത്തങ്ങ വെടിവെപ്പിന് കാരണമായത്. കേന്ദ്രത്തിന്റെ സഹായത്തോടെ മാത്രമേ ആദിവാസികള്‍ക്ക് വനഭൂമി വിട്ടുകൊടുക്കാന്‍ കഴിയൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
ഒലവക്കോടും തളിപ്പറമ്പിലുമുള്ള വനംവകുപ്പിന്റെ സ്ട്രോങ് റൂമുകളില്‍ നിന്ന് ചന്ദനത്തൈലം മോഷണം പോയതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. ചന്ദനഫാക്ടറികളുടെ പ്രവര്‍ത്തനം പൊതുമേഖലയുടെ കീഴിലാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പഞ്ചായത്തിലും ഒരേക്കര്‍ ഭൂമിയില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.


Click it and Unblock the Notifications