പള്ളി തകര്‍ത്തത് അദ്വാനി പറഞ്ഞപ്പോള്‍: കര്‍സേവകര്‍
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്തത് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി പ്രേരിപ്പിച്ചതുകൊണ്ടാണ് അഞ്ച് കര്‍സേവകര്‍. അദ്വാനിയും മറ്റ് ബിജെപി നേതാക്കളും നിര്‍ബന്ധിച്ചപ്പോഴാണ് തങ്ങള്‍ പള്ളി തകര്‍ത്തതെന്ന് കര്‍സേവകര്‍ വെളിപ്പെടുത്തിയതോടെ ബിജെപിയ്ക്കുള്ളില്‍ വീണ്ടും അസ്വസ്ഥത പുകയുന്നു.
വാജ്പേയിയെ ഒതുക്കി, അദ്വാനിയെ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കനത്ത തിരിച്ചടിയെറ്റിരുന്നു. വെങ്കയ്യ നായിഡുവിനെ ബിജെപി അധ്യക്ഷ പദത്തില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ വാജ്പേയി പക്ഷം പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തുകയും ചെയ്തു. അതിനിടയിലാണ് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കര്‍സേവകരുടെ ഈ വെളിപ്പെടുത്തല്‍. അദ്വാനിയ്ക്കെതിരെ വാജ്പേയി പക്ഷം ആസൂത്രണം ചെയ്ത തന്ത്രമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു.
കര്‍സേവകരുടെ ഈ ആരോപണം അദ്വാനിയുടെ അഭിഭാഷകന്‍ നിഷേധിച്ചു. അദ്വാനിയ്ക്കെതിരെ ഉയര്‍ത്തിയ ഈ ആരോപണത്തിന് തെളിവൊന്നുമില്ല. ഇതിന് പിന്നില്‍ എന്തൊക്കെയോ കളികള്‍ നടന്നിട്ടുണ്ട്.- അദ്വാനിയുടെ അഭിഭാഷകന്‍ സത്യപാല്‍ ജെയിന്‍ പറഞ്ഞു.
വിനോദ് വത്സ, സന്തോഷ്, ആര്‍.സി. ഖത്രി, അമര്‍ നാഥ് ഗോയല്‍, ആര്‍.എന്‍. ദാസ് എന്നീ അഞ്ചു കര്‍സേവകരാണ് അദ്വാനിയ്ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. ദില്ലിയില്‍ അയോധ്യപ്രശ്നത്തെക്കുറിച്ച് വാദം കേള്‍ക്കുന്ന പ്രത്യേക സിബിഐ കോടതിയ്ക്ക് പുറത്താണ് ഈ അഞ്ചു കര്‍സേവകര്‍ വാര്‍ത്താലേഖകരോട് ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications