അഹമ്മദ് പട്ടേല്‍ തിങ്കളാഴ്ചയെത്തും
തിരുവനന്തപുരം: ആന്റണി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരാജയമെന്ന് ഐ ഗ്രൂപ്പ് വിലയിരുത്തിയ പശ്ചാത്തലത്തില്‍, കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോര്് മൂര്‍ച്ഛിച്ചിരിക്കെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ജൂണ്‍ ഒമ്പത് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും.
അവസാനത്തെ എഐസിസി പുന:സംഘടനയിലാണ് അംബികാ സോണിയെ മാറ്റി കേരളത്തിന്റെ ചുമതല അഹമ്മദ് പട്ടേലിന് നല്‍കിയത്. കേരളത്തിലെ മിക്ക നേതാക്കളുമായും നല്ല ബന്ധമുള്ള അഹമ്മദ് പട്ടേല്‍ വിവിധ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തും.
കേരളത്തിന്റെ ചുമതല ലഭിച്ചശേഷം പട്ടേല്‍ ആദ്യമായാണ് സംസ്ഥാനത്തെത്തുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൃദുസമീപനം സ്വീകരിച്ച എ ഗ്രൂപ്പ് ഐ ഗ്രൂപ്പിനെതിരെ ശക്തമായി തിരിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പട്ടേല്‍ ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തുന്നത്.
ആന്റണി സര്‍ക്കാര്‍ പരാജയമാണെന്ന ഐ ഗ്രൂപ്പ് വിലയിരുത്തലിനോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഐ ഗ്രൂപ്പ് മന്ത്രിമാര്‍ രാജിവയ്ക്കണം എന്ന യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുടെ ചുട്ട മറുപടിയിലൂടെ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ഒന്നുകൂടി കൊഴുത്തിരിക്കുകയാണ്. ആന്റണി വിഭാഗത്തിന്റെ ബി ടീം എന്ന് കരുണാകര വിഭാഗം വിശേഷിപ്പിക്കുന്ന മൂന്നാം ഗ്രൂപ്പ് എ ഗ്രൂപ്പില്‍ നിന്ന് അകലുകയും സ്വതന്ത്രമായ നിലപാട് സ്വീകരിയ്ക്കുകയും ചെയ്തുവെന്നതാണ് മറ്റൊരു സവിശേഷത.
ജൂണ്‍ ഒമ്പതിന് കെപിസിസി സമ്മേളിക്കുമ്പോള്‍ തുറന്ന ഗ്രൂപ്പ് യുദ്ധം ഒഴിവാക്കുക എന്നതാണ് പട്ടേലിന്റെ പ്രധാന ദൗത്യം. 11ന് യുഡിഎഫ് യോഗവും നടക്കുന്നുണ്ട്.












Click it and Unblock the Notifications