പാകിസ്ഥാന് വേണ്ടിയുള്ള ഹാക്കര്‍ കേരളത്തില്‍
തിരുവനന്തപുരം: പാകിസ്ഥാനു വേണ്ടി ഒരു ഇന്ത്യന്‍ ഹാക്കര്‍ തിരുവനന്തപുരത്തിരുന്ന് പ്രവര്‍ത്തിക്കുന്നതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്ക് വിവരം ലഭിച്ചു.
പാകിസ്ഥാനിലെ ഹാക്കര്‍മാരും ഇന്ത്യന്‍ ഹാക്കര്‍മാരുമായുള്ള യുദ്ധം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുകയാണ്. ഇന്ത്യയിലെ ഹാക്കര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്ന തിരുവനന്തപുരത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഹാക്കറുള്‍പ്പെടെ മൂന്ന് പേര്‍ ഈയിടെ പാകിസ്ഥാനുമായി രഹസ്യധാരണയിലെത്തിയിരുന്നു. ഇവര്‍ മൂന്ന് പേരും ഇപ്പോള്‍ പാകിസ്ഥാനിലെ ഹാക്കര്‍മാരുടെ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്കും സ്വകാര്യ സൈറ്റുകള്‍ക്കും ഇത് ഭീഷണിയായിട്ടുണ്ട്.
കോബ്ര എന്ന കോഡിലാണ് തിരുവനന്തപുരത്തെ ഹാക്കര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഒരു കമ്പനി നല്‍കിയ ഇന്റര്‍നെറ്റ് കേബിള്‍ ബന്ധം ഉപയോഗിച്ചാണ് കോബ്ര പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ഇന്റര്‍നെറ്റ് കഫെ ഈ ഹാക്കര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ ഹാക്കറെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘമായ യാഹയില്‍ അംഗമാണ് കോബ്ര. കഴിഞ്ഞ ഫിബ്രവരിയില്‍ പാകിസ്ഥാന്‍ സര്‍വറുകളെ ആക്രമിക്കുന്ന യാഹ-ക്യു എന്ന വേം യാഹ വികസിപ്പിച്ചിരുന്നു. യാഹ-ക്യുവിന്റെ സോഴ്സ് കോഡ് കോബ്രയും ഇന്ത്യന്‍ ഹാക്കര്‍മാരായ എക്സ്ട്രീമിസ്റും റോക്സും പാകിസ്ഥാനി ഹാക്കര്‍മാര്‍ക്ക് വെളിപ്പെടുത്തികൊടുത്തു. ഇപ്പോള്‍ പാകിസ്ഥാനി ഹാക്കര്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് കോബ്രയും എക്സ്ട്രീമിസ്റും റോക്സും.
സോഴ്സ് കോഡിനെ കുറിച്ച് വിവരം ലഭിച്ചതോടെ പാകിസ്ഥാനി ഹാക്കര്‍മാര്‍ക്ക് യാഹ-ക്യു നവീകരിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടറുകള്‍ക്ക് നേരെ ഉപയോഗിക്കാമെന്ന സ്ഥിതിയായിട്ടുണ്ട്. ഈയിടെ കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റുകള്‍ക്ക് നേരെ പാകിസ്ഥാനി ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു.
റോക്സ് എന്ന ഹാക്കര്‍ കൊല്‍ക്കത്തയിലെ ഒരു സ്കൂള്‍ വിദ്യാര്‍ഥിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റോക്സിനെ കുറിച്ചുള്ള അന്വേഷണം ബാംഗ്ലൂരിലെ വിദ്യാര്‍ഥിയായ എക്സ്ട്രീമിസ്റിലെത്തി. തുടര്‍ന്നാണ് കോബ്ര തിരുവനന്തപുരം കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിവരം ലഭിച്ചത്.
ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘമായ യാഹയിലെ ചില അംഗങ്ങള്‍ ഐഎസ് ഐ ഫണ്ട് നല്‍കുന്ന ജി-ഫോഴ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. ജി ഫോഴ്സും മറ്റ് ഇന്ത്യാ വിരുദ്ധ ഹാക്കര്‍ സംഘങ്ങളും ഇന്ത്യന്‍ ഹാക്കര്‍മാരെ വന്‍തുക നല്‍കി വിലക്കെടുക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ സൈറ്റുകള്‍ തകര്‍ക്കാന്‍ വൈറസുകളും വേമുകളും വികസിപ്പിക്കുന്ന ഇവര്‍ക്ക് പണം കൈമാറുന്ന സ്ഥാപനങ്ങള്‍ വഴിയും ഹവാല വഴിയുമാണ് പ്രതിഫലം ലഭിക്കുന്നത്.












Click it and Unblock the Notifications