മാറാട്: അന്വേഷണം അന്ത്യഘട്ടത്തിലേക്ക്
കോഴിക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
മാറാട് സ്വദേശികളായ പരീച്ചന്റകത്ത് സിറാജ് (20), തെക്കേപ്പുറത്ത് അലി അക്ബര്‍ (27), സീമാമുന്റകത്ത് ആലിക്കോയ എന്നിവരാണ് അറസ്റിലായത്. ഇതോടെ കേസില്‍ അറസ്റിലാവുന്നവരുടെ എണ്ണം 98 ആയി.
അറസ്റിലായവര്‍ നല്‍കിയ സൂചനയനുസരിച്ച് കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച 15 പേരെ കൂടി പിടികിട്ടാനുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തവരെ കുറിച്ചും കൊല നടത്തിയവരെ കുറിച്ചും വ്യക്തമായ വിവരം കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൂട്ടക്കൊലക്ക് പിന്നില്‍ ഒരു തീവ്രവാദി സംഘടന പ്രവര്‍ത്തിച്ചതായി തെളിവുണ്ട്. കഴിഞ്ഞ വര്‍ഷം മാറാട് ഏറ്റുമുട്ടല്‍ നടന്നതിനെ തുടര്‍ന്നുതന്നെ പകരം വീട്ടാനുള്ള നീക്കങ്ങള്‍ നടന്നിരുന്നുവത്രെ.
കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട അബൂബക്കറിന്റെ ബന്ധുക്കളാണ് പകരം വീട്ടാന്‍ മുന്നോട്ടുവന്നത്. മാറാട്ടെ ചിലരുമായും തീവ്രവാദി സംഘടനയുമായി ബന്ധമുള്ളവരുമായും ഇവര്‍ കൂടിയാലോചിച്ചു.
തുടര്‍ന്ന് ഇവര്‍ നടത്തിയ ഗൂഢാലോചന പുറത്തായതിനെ തുടര്‍ന്ന് മാറാട് മഹല്‍ കമ്മിറ്റി ചേര്‍ന്ന് ഇത്തരമൊരു സാഹസത്തിന് ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒരു വിഭാഗം ചെറുപ്പക്കാര്‍ പകരം വീട്ടുമെന്ന വാശിയില്‍ തന്നെയായിരുന്നു.
ഒളവണ്ണയിലും ചെട്ടിപ്പടിയിലും കൊണ്ടോട്ടിയിലുമുള്ള ആളുകളാണ് ആയുധങ്ങള്‍ ഏര്‍പ്പാടാക്കിയത്. ഇവര്‍ തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളവരാണത്രെ.












Click it and Unblock the Notifications