ലീഗ് മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം
തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ ലീഗ് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, നാലകത്ത് സൂപ്പി എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.
ധാതുമണല്‍ ഖനനപദ്ധതിയുടെ പേരിലാണ് കുഞ്ഞാലിക്കുട്ടി ശരവ്യനായത്. ധാതുമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്ന ഈ പദ്ധതിയ്ക്ക് വേണ്ടി ശക്തമായി രംഗത്ത് വന്നത് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ്.
1850 കോടി രൂപയുടെ ഈ പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നേടിയെടുക്കാനും കുഞ്ഞാലിക്കുട്ടിയ്ക്ക് കഴിഞ്ഞു. പിന്നീട് ഈ പദ്ധതിയ്ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നു. ജനരോഷത്തിനെതിരെ ഈ പദ്ധതി നടപ്പാക്കിയാല്‍ കുഞ്ഞാലിക്കുട്ടിയ്ക്കോ മുസ്ലിംലീഗിനോ യാതൊന്നും സംഭവിക്കാനില്ലെന്നും നഷ്ടം പറ്റുക കോണ്‍ഗ്രസിനാണെന്നും കെപിസിസി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഏകീകൃത സര്‍വകലാശാലാ നിയമത്തിന്റെ പേരിലാണ് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി പ്രതിക്കൂട്ടിലായത്. ഈ നിയമത്തിലെ ഒട്ടേറെ വ്യവസ്ഥകള്‍ വിദ്യാര്‍ത്ഥികള്‍ക്കും എംഎല്‍എമാര്‍ക്കും ഉള്ള അധികാരങ്ങള്‍ കുറയ്ക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്നും യോഗത്തില്‍ നിര്‍ദേശങ്ങളുയര്‍ന്നു.
കരിമണല്‍ ഖനനത്തെക്കുറിച്ച് കൂടുതല്‍ പഠിയ്ക്കാന്‍ വിദഗ്ധസമിതിയെ ഏല്പിക്കണമെന്നും അതുവരെ പദ്ധതി നിര്‍ത്തിവയ്ക്കാനുമാണ് കെപിസിസി യുഡിഎഫിനോട് നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷെ മന്ത്രിസഭാഅംഗീകാരം നേടിക്കഴിഞ്ഞ ഈപദ്ധതിയ്ക്ക് കേന്ദ്രഅംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞാലിക്കുട്ടി. കെപിസിസിയുടെ ഈ നിര്‍ദേശത്തെ കുഞ്ഞാലിക്കുട്ടി എങ്ങിനെയാണ് സ്വീകരിക്കുക എന്നറിയില്ല. ഇത് ഭാവിയില്‍ കോണ്‍ഗ്രസ്-ലീഗ് ഏറ്റുമുട്ടലിന് വഴിതെളിച്ചേക്കും.












Click it and Unblock the Notifications