100 വിഎച്ച്എസ് സ്കൂളുകള്‍ തുടങ്ങാന്‍ നീക്കം
തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടവെ 100 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ തുടങ്ങാന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി നീക്കം നടത്തുന്നു. ഇതില്‍ അമ്പത് സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാണ്.
പുതിയ സ്കൂളുകള്‍ തുടങ്ങേണ്ടതുണ്ടോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാതെയാണ് സ്കൂളുകള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം നടത്തുന്നത്. വിദഗ്ധ സമിതിയെ കൊണ്ട് സര്‍വെ നടത്തിക്കണമെന്ന് ധനകാര്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.
പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുന്നതിലെ വിവേചനം മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്ന കാര്യം ഓര്‍ക്കാതെയാണ് ഇത്തരമൊരു നീക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ മേഖലയില്‍ അനുവദിക്കപ്പെടുന്ന സ്കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിന് മാനേജ്മെന്റുകള്‍ക്ക് ലക്ഷങ്ങള്‍ തട്ടാം. ഈ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന സര്‍ക്കാരുകള്‍ക്കും.
ഏതാനു ദിവസം മുമ്പ് പുതിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് കേന്ദ്ര അനുമതി കിട്ടുന്നതിനായി സൂപ്പി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി മുരളി മനോഹര്‍ ജോഷിയെ കണ്ടിരുന്നു. കേന്ദ്ര അനുമതി ലഭിച്ച ശേഷം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എജുക്കേഷന്‍ ഡയറക്ടറേറ്റ് സ്കൂളുകള്‍ക്ക് ക്ലിയറന്‍സ് നല്‍കാന്‍ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെടും.
വെക്കോഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ തുടങ്ങുന്നതിന് 75 ശതമാനം തുക കേന്ദ്രമാണ് നല്‍കുക. ബാക്കി 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. പിന്നീട് സ്കൂള്‍ നടത്തിക്കൊണ്ടുപോവുന്നതനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്.
ഭൂരിഭാഗം സ്കൂളുകളും മലബാര്‍ മേഖലയില്‍ അനുവദിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് ആരോപിക്കപ്പടുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ തുടങ്ങേണ്ടതില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രവുമല്ല പല വൊക്കേഷണല്‍ ക്ലാസുകളും കാലഹരണപ്പെട്ടതാണെന്ന് ആസൂത്രണ ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്. ഇത്തരം കോഴ്സുകള്‍ എടുത്തുകളഞ്ഞ് പുതിയ കോഴ്സുകള്‍ തുടങ്ങാനാണ് കരിക്കുലം കമ്മിറ്റി നിര്‍ദേശിക്കുന്നത്.












Click it and Unblock the Notifications