വിവിധ കോളെജുകള്‍ രാഷ്ട്രീയം നിരോധിച്ചു
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭ, മാര്‍ത്തോമാ സഭ, എംഇഎസ് എന്നിവയുടെ കീഴില്‍ വരുന്ന കോളെജുകളില്‍ രാഷ്ട്രീയം നിരോധിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളെജിലും രാഷ്ട്രീയം നിരോധിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഓര്‍ത്തഡോക്സ് സഭാ കോളെജുകളുടെ ഭരണ സമിതി യോഗമാണ് കോളെജുകളില്‍ രാഷ്ട്രീയം നിരോധിക്കാന്‍ തീരുമാനിച്ചത്. കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയാടിസ്ഥാനത്തില്‍ നടത്താന്‍ അനുവദിക്കില്ല. കോളെജ് കാമ്പസില്‍ കൊടി, പോസ്ററുകള്‍, ബാനറുകള്‍ എന്നിവ പാടില്ല. എട്ട് കോളെജുകളാണ് ഓര്‍ത്തഡോക്സ് സഭയ്ക്ക് കീഴിലുള്ളത്.
തിരുവല്ലയില്‍ ചേര്‍ന്ന മാര്‍ത്തോമ്മാ കൗണ്‍സില്‍ യോഗം സഭയ്ക്ക് കീഴിലുള്ള കോളെജുകളില്‍ രാഷ്ട്രീയം വേണ്ടെന്ന് തീരുമാനിച്ചു. എംഇഎസിന് കീഴിലുള്ള സ്വാശ്രയ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന എംഇഎസ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
തൃശൂര്‍ സെന്റ് തോമസ് കോളെജില്‍ രാഷ്ട്രീയം നിരോധിക്കുന്നുവെന്ന് അറിയിക്കുന്ന നോട്ടീസ് കോളെജ് പ്രിന്‍സിപ്പലും മാനേജരും സംയുക്തമായി പുറപ്പെടുവിച്ചു. കോളെജ് കാമ്പസില്‍ പ്രകടനങ്ങളും രാഷ്ട്രീയ യോഗങ്ങളും നിരോധിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായുളള ബോര്‍ഡുകളും കൊടികളും ബാനറുകളും കോളെജ് കാമ്പസില്‍ പാടില്ല.
നേരത്തെ എന്‍എസ്എസ്, എസ്എന്‍ മാനേജ്മെന്റുകളുടെ കീഴിലുള്ള കോളെജുകളില്‍ രാഷ്ട്രീയം നിരോധിച്ചിരുന്നു.












Click it and Unblock the Notifications