കരിമണല്‍: യുഡിഎഫ് ഏറ്റുമുട്ടലിനില്ല
തിരുവനന്തപുരം: ആലപ്പുഴയിലെ തീരദേശങ്ങളില്‍ കരിമണല്‍ ഖനനം നടത്തണോ വേണ്ടയോ എന്ന കാര്യം വിദഗ്ധസമിതി പഠിച്ച് തീരുമാനിയ്ക്കട്ടെയെന്ന് യുഡിഎഫ് ഉന്നതാധികാര സമിതിയോഗം. കഴിഞ്ഞ ദിവസം കെപിസിസി യോഗം എടുത്ത തീരുമാനത്തെ പൂര്‍ണ്ണമായും യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
1850 കോടി രൂപയ്ക്ക് ആലപ്പുഴ ജില്ലയിലെ തീരദേശങ്ങളിലെ ഇല്‍മനൈറ്റ് ഖനനം സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വി.എം. സുധീരന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ വിവാദം വേണ്ടെന്ന അഭിപ്രായം യുഡിഎഫ്യോഗവും ശരിവയ്ക്കുകയായിരുന്നു.
വിദഗ്ധസമിതി തീരുമാനിയ്ക്കുന്നതനുസരിച്ച് കരിമണല്‍ ഖനനം സംബന്ധിച്ച് മുന്നോട്ട് നീങ്ങാമെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് എതിര്‍പ്പില്ലാ രേഖ (എന്‍ഒസി) മാത്രമേ നല്കിയിട്ടുള്ളൂവെന്നും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ ഏത് തീരുമാനവും അംഗീകരിയ്ക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിമണല്‍ ഖനനത്തെ അനുകൂലിച്ച് ആര്‍എസ്പി(ബി) നേതാവ് എ.വി. താമരാക്ഷന്‍ സംസാരിച്ചു. കൊല്ലം ജില്ലയില്‍ ഖനനം നടക്കുന്നുണ്ടെന്നും ആലപ്പുഴയില്‍ മാത്രം ഇതിനെ എതിര്‍ക്കുന്നത് ദുഷ്ടലക്ഷ്യത്തോടെയാണെന്നും താമരാക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications