കേരളത്തില്‍ വാഹനനികുതി കൂടും
തിരുവനന്തപുരം: വാഹനങ്ങളുടെ ത്രൈമാസ നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗമാണ് ഈ തീരുമാനം എടുത്തത്.
ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയും കാര്യേജ് വാഹനങ്ങളെയും അടുത്ത മൂന്ന് മാസത്തേക്ക് നികുതി വര്‍ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ക്ക് നികുതി ഏകദേശം 20 ശതമാനം മുതല്‍ 50 ശതമാനം വരെ വര്‍ധിയ്ക്കും.
സര്‍ക്കാരിനെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറ്റാനാണ് ഈ നടപടി. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്കും ആംബുലന്‍സുകള്‍ക്കും ത്രൈമാസ നികുതി 50 ശതമാനം വര്‍ധിയ്ക്കും. 20 സീറ്റുകളോ അതില്‍ കുറവോ ഉള്ള ബസുകള്‍ക്ക് ഇനി ത്രൈമാസ നികുതി 750 രൂപയായിരിയ്ക്കും. 20ല്‍ അധികം സീറ്റുകള്‍ ഉള്ള ബസ്സുകള്‍ക്ക് നികുതി 1,500 രൂപയായിരിയ്ക്കും. ആംബുലന്‍സിനുള്ള ത്രൈമാസ നികുതി 1,000 രൂപയായിരിയ്ക്കും.
കാറിനുള്ള വാഹനനികുതി 290 രൂപയില്‍ നിന്ന് 350 രൂപയായി ഉയരും. 750 കിലോയില്‍ കൂടുതല്‍ ഭാരമുള്ള കാറുകള്‍ക്ക് വാഹനനികുതി 390ല്‍ നിന്ന് 450 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ടൂറിസ്റ് വാഹനങ്ങള്‍ക്കുള്‍പ്പെടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി ഏകീകരിച്ചിട്ടുണ്ട്.
ടൂറിസ്റ് വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതി 600 രൂപയായിരിക്കും. സ്ലീപ്പര്‍ ബസുകള്‍ക്ക് ത്രൈമാസ നികുതി 800 രൂപയായിരിക്കും. രണ്ടു പേരില്‍ കൂടുതല്‍ യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന കാര്യേജ് വാഹനങ്ങള്‍ക്ക് ത്രൈമാസനികുതി 60 രൂപയില്‍ നിന്ന് 120 രൂപയായി വര്‍ധിയ്ക്കും.
വാടകയ്ക്കോടുന്ന വാഹനങ്ങളില്‍ മൂന്ന് യാത്രക്കാരെ വരെ വഹിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതി 200 രൂപയും നാല് മുതല്‍ ആറ് വരെ യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ക്ക് ത്രൈമാസനികുതി 500 രൂപയും ആയിരിക്കും. സംസ്ഥാനത്തിനകത്ത് മാത്രമോടുന്ന, 11 മുതല്‍ 20 യാത്രക്കാരെ വരെ വഹിയ്ക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതി 700 രൂപയായിരിക്കും. അതില്‍ കൂടുതലുള്ള ഓരോ യാത്രക്കാരനും 1,000 രൂപ വീതം അധികനികുതി നല്കേണ്ടിവരും.
സംസ്ഥാനാന്തര വാഹനങ്ങളില്‍ ഏഴ് മുതല്‍ 12 വരെ യാത്രക്കാരെ കയറ്റാവുന്ന വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതി 1,400 രൂപയായിരിക്കും. അതില്‍ കൂടുതലുള്ള ഓരോ യാത്രക്കാരനും 2,000 രൂപ വീതം നല്കേണ്ടിവരും.












Click it and Unblock the Notifications