കരിമണല്‍: കുഞ്ഞാലിക്കുട്ടി അയയുന്നു
തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരെ വി. എം. സുധീരന്‍ ശക്തമായ നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച വ്യവസായ വകുപ്പിന്റെ സമീപനത്തില്‍ അയവ് വരുന്നു.
പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ സ്വരം ഇപ്പോള്‍ മൃദുവായിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടി.
എന്നാല്‍ കെ പി സി സി നിര്‍വാഹക സമിതി കരിമണല്‍ ഖനനം വേണ്ടെന്ന് നിര്‍ദേശിച്ചതോടെ നിലപാടില്‍ അയവ് വരുത്താന്‍ കുഞ്ഞാലിക്കുട്ടി നിര്‍ബന്ധിതനായിരിക്കുകയാണ്. യു ഡി എഫ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷവും ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട്.
അതേ സമയം സമിതിയെ കൊണ്ട് അന്വേഷണം നടത്തിച്ചാലും പദ്ധതി നടപ്പിലാക്കുന്നതിനെ അനുകൂലിക്കുന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന നിലപാടിലാണ് സുധീരന്‍. ഒരു തരത്തിലും കരിമണല്‍ ഖനനം നടത്താന്‍ അനുവദിക്കില്ലെന്ന സുധീരന്റെ കാര്‍ക്കശ്യത്തോട് പല കാരണങ്ങളാല്‍ യുഡിഎഫിന് വഴങ്ങേണ്ടിവരും.
പദ്ധതി നടപ്പിലാക്കിയാല്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നാണ് സുധീരന്‍ മുഴക്കുന്ന ഭീഷണി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സുധീരന്റെ രാജിയുണ്ടാക്കുന്ന ഭവിഷ്യത്തുകളെന്താണെന്ന് യുഡിഎഫ് നേതൃത്വത്തിന് അറിയാം. തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി പി എമ്മിനെ ചെറുക്കാന്‍ സുധീരന്‍ തന്നെയാണ് യുഡിഎഫിന് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധം. അതുകൊണ്ടുതന്നെ സുധീരനെ അകറ്റാന്‍ ആന്റണിക്കോ യുഡിഎഫ് നേതൃത്വത്തിനോ താത്പര്യമുണ്ടാവില്ല.












Click it and Unblock the Notifications