നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: ജൂണ്‍ 16 തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭയുടെ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ മാറാട് സംഭവം, ഏകീകൃത സര്‍വകലാശാലാ ബില്‍, ധാതുമണല്‍ ഖനന പദ്ധതി തുടങ്ങിയ വിഷയങ്ങള്‍ ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് വേദിയൊരുക്കും.
സമ്മേളനം പൂര്‍ണമായും ഉപയോഗപ്പെടുത്തുമെന്നും സഭാ ബഹിഷ്കരണം പോലുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അഴിമതിയും മാറാട് കൂട്ടക്കൊലയും പോലുളള പ്രശ്നങ്ങള്‍ സഭാവേദിയില്‍ ഉന്നയിക്കാന്‍ സമ്മേളനത്തിന്റെ മുഴുവന്‍ സമയവും ഉപയോഗപ്പെടുത്തുമെന്നാണ് പറയുന്നത്.
പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയതു മൂലം കഴിഞ്ഞ നിയമസഭാ സമ്മേളനം നേരത്തെ പിരിയുകയായിരുന്നു. മൂന്ന് മാസത്തിന് ശേഷമാണ് ഇപ്പോള്‍ സഭ സമ്മേളിക്കുന്നത്.
വി. എം. സുധീരന്റെ നിലപാടിലൂടെ വിവാദമായ ധാതുമണല്‍ ഖനന പദ്ധതിയായിരിക്കും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്ന പ്രധാന ആയുധം. വന്‍ അഴിമതിയുണ്ടെന്ന് സുധീരന്‍ ആരോപിച്ച പദ്ധതി സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ ആഞ്ഞടിക്കാനുള്ള സന്നാഹവുമായിട്ടാണ് പ്രതിപക്ഷം സഭയിലെത്തുക.
ഏകീകൃത സര്‍വകലാശാല ബില്‍, മാറാട് സംഭവം തുടങ്ങിയ പ്രശ്നങ്ങള്‍ മുന്നില്‍ നില്‍ക്കെ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ നേരിടുക ഭരണപക്ഷത്തിന് വിഷമകരമായിരിയ്ക്കും. സാമുദായിക ശക്തികളെ പ്രീണിപ്പിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് മൂലമാണ് മാറാട് പോലൊരു സംഭവം ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിക്കും.
ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിച്ച പല പദ്ധതികളും നടപ്പിലാക്കുന്നതില്‍ കാലതാമസം വരുന്നത് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു പ്രശ്നമായിരിക്കും.
പ്രധാന പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ അംഗങ്ങള്‍ക്ക് പരമാവധി സമയം നല്‍കുമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു. 47 ബില്ലുകളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുക. ഇതില്‍ നാല് ബില്ലുകള്‍ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ളതാണ്.












Click it and Unblock the Notifications