പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: മാറാട് പ്രശ്നം സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജൂണ്‍ 16 തിങ്കളാഴ്ച ആരംഭിച്ച മണ്‍സൂണ്‍കാലസമ്മേളനത്തിന്റെ ആദ്യദിവസം തന്നെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കില്‍ കലാശിച്ചു.
ബേപ്പൂര്‍ എംഎല്‍എ വി.കെ.സി. മമ്മത് കോയ ആണ് മാറാട് പ്രശ്നത്തെക്കുറിച്ച് അടിയന്തരപ്രമേയം കൊണ്ടുവന്നത്. മാറാട് മടങ്ങിവരാന്‍ ശ്രമിയ്ക്കുന്ന മുസ്ലിങ്ങളെ ആര്‍എസ്എസ് കാര്‍ ആക്രമിക്കുകയാണെന്നും ആര്‍എസ്എസ്കാരുടെ ആയുധങ്ങള്‍ പൊലീസ് കണ്ടെടുക്കാന്‍ ശ്രമിയ്ക്കുന്നില്ലെന്നും മമ്മത് കോയ ആരോപിച്ചു. പൊലീസ് മാറാട് നിരുത്തരവാദപരമായി പെരുമാറുകയാണെന്നും മാറാട് സാധാരണസ്ഥിതി മടക്കിക്കൊണ്ടുവരുന്നതിനെക്കുറിച്ച് എത്രയും വേഗം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും മമ്മത് കോയ ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷവും എംഎല്‍എയും ചേര്‍ന്ന് മാറാടിനെ വഷളാക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിലെ ആരോപണം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മാറാട് ഇതിനകം 26 കുടുംബങ്ങള്‍ മടങ്ങിയെത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ പഴയ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍സര്‍ക്കാര്‍ ആവുന്നത് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയം തള്ളി. സഭനിര്‍ത്തിവച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
മാറാട് പ്രശ്നത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് ആരോപിച്ചു.












Click it and Unblock the Notifications