കേന്ദ്രം ഫാക്ട് വില്‍ക്കാനുള്ള നീക്കത്തില്‍
കൊച്ചി: ഫാക്ട് സഹകരണ മേഖലയിലേക്ക് കൊണ്ടുവരുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെങ്കിലും ഫാക്ട് സ്വകാര്യമേഖലയ്ക്ക് വില്‍ക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ടുപോവുന്നു.
ഫാക്ടിന്റെ 51 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് നീക്കം. അതേ സമയം നഷ്ടത്തിലോടുന്ന ഫാക്ടിനെ രക്ഷിക്കാനായി ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവുമായി ചേര്‍ന്ന് സഹകരണ മേഖലയില്‍ ഒരു കമ്പനി സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ കുറിച്ച് അറിയാമെങ്കിലും ഫാക്ട് വില്‍ക്കാനുള്ളനടപടികളുമായി കേന്ദ്രം മുന്നോട്ടുപോവുകയാണ്.
ദീപക് ഫെര്‍ട്ടിലൈസേഴ്സ്, ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ഇന്തോ ഗള്‍ഫ് ഫെര്‍ട്ടിലൈസേഴ്സ് എന്നിവയാണ് ഓഹരികള്‍ വാങ്ങുന്നതിന് പ്രധാനമായും മുന്നിലുള്ളത്. ഓഹരികള്‍ വില്‍ക്കുന്നതിനായി കമ്പനികളില്‍ നിന്നും സാമ്പത്തിക നിര്‍ദേശം ക്ഷണിച്ചിട്ടുണ്ട്.
അതേ സമയം ഫാക്ട് സഹകരണ മേഖലയിലേക്ക് കൊണ്ടുവരുന്നതിന് സമ്മര്‍ദം ചെലുത്തുമെന്ന് കേന്ദ്രമന്ത്രി പി. സി. തോമസ് തൊഴിലാളി യൂണിയിനുകളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ഇതിനായി പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായും ഓഹരിവിറ്റഴിക്കല്‍ മന്ത്രി അരുണ്‍ ഷൗരിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications