കാഞ്ചി മഠാധിപതി വിഎച്ച്പിക്ക് വഴങ്ങി
ദില്ലി: അയോധ്യാ പ്രശ്നം പരിഹരിക്കുന്നതിന് കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് അയച്ച പരിഹാര നിര്‍ദേശത്തില്‍ കാശി, മധുര പ്രശ്നങ്ങളെ കുറിച്ച് പരാമര്‍ശമില്ലെന്ന് ആര്‍ എസ് എസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ബോര്‍ഡ് ചെയര്‍മാന്‍ മൗലാന ഹസന്‍ നദ്വിക്ക് അയച്ച കത്ത് ജൂണ്‍ 20 വെള്ളിയാഴ്ചയാണ് ലഭിച്ചത്. ശനിയാഴ്ച കത്ത് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അയോധ്യാ പ്രശ്നം പരിഹരിക്കുന്നതിനുള്ള ജയേന്ദ്ര സരസ്വതിയുടെ ആദ്യത്തെ നിര്‍ദേശം വി എച്ച് പിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. വി എച്ച് പിയ്ക്ക് യോജിപ്പില്ലാത്ത നിര്‍ദേശം മുന്നോട്ടുവയ്ക്കരുതെന്ന് ആര്‍ എസ് എസ് തലന്‍ സുദര്‍ശനും കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷിയും ജയേന്ദ്ര സരസ്വതിയോട് ആവശ്യപ്പെട്ടിരുന്നു.
ജയേന്ദ്ര സരസ്വതി ആദ്യം തയ്യാറാക്കിയ കത്തില്‍ മൂന്ന് പ്രധാന നിര്‍ദേശങ്ങളാണുണ്ടായിരുന്നത്. 1. കാശിയിലും മധുരയിലുമുള്ള അവകാശവാദം ഹിന്ദുക്കള്‍ ഉപേക്ഷിക്കുക. 2. പകരം അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് മുസ്ലിങ്ങള്‍ ഹിന്ദുക്കളെ അനുവദിക്കുക. 3. ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ നിയന്ത്രണത്തിലുള്ള 100 പുരാതന പള്ളികള്‍ മുസ്ലിങ്ങള്‍ക്ക് തുറന്നുകൊടുക്കുക, അയോധ്യയില്‍ തര്‍ക്കസ്ഥലത്തുനിന്നും അഞ്ച് -ഏഴ് കിലോ മീറ്റര്‍ ദൂരെ വലിയ ഒരു പള്ളി നിര്‍മിക്കുന്നതിന് സര്‍ക്കാര്‍10 കോടി നല്‍കുക.
എന്നാല്‍ കാഞ്ചിയിലും മധുരയിലുമുള്ള അവകാശവാദങ്ങള്‍ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്ന് വി എച്ച് പി ശഠിച്ചതോടെ ജയേന്ദ്ര സരസ്വതി ഈ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു.
പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും ധനകാര്യമന്ത്രി ജസ്വന്ത്സിംഗും ഞായറാഴ്ച ജയേന്ദ്ര സരസ്വതിയെ സന്ദര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications