കാലവര്‍ഷം അതിശക്തം
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷം അതിശക്തമായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ പേമാരിയാണ് പെയ്തത്.
കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് രണ്ടു പേരെ കാണാതായി. ഏതാനും വീടുകള്‍ തകര്‍ന്നു.
കാലവര്‍ഷം തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് മൂന്ന് പേരാണ് മരിച്ചത്. മരണസംഖ്യ അഞ്ചാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രകൃതിക്ഷോഭം ഇരുന്നൂറോളം കുടുംബങ്ങളെ ബാധിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരിലാണ് ഏറ്റവും കനത്ത മഴയുണ്ടായത്- എട്ട് സെന്റിമീറ്റര്‍. കോഴിക്കോടും ഹരിപ്പാടും തൃശൂരും ഏഴ് സെന്റിമീറ്റര്‍ വീതവും കരിപ്പൂര്‍, വടകര, നെടുമ്പാശേരി, ആലുവ എന്നിവിടങ്ങളില്‍ ആറ് സെന്റിമീറ്ററും മഴ ലഭിച്ചു.
റിസര്‍വോയറുകളില്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി സംഭരണിയിലും ജലനിരപ്പ് ഉയര്‍ന്നു.
കനത്ത മഴ അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് മഴ കൂടുതല്‍ ശക്തമാവുക. ഈ ജില്ലകളില്‍ നിന്ന് 250 ലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications