ചന്ദനമോഷണം: സിബിഐക്ക് വിടും
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്ട്രോംഗ് റൂം പൊളിച്ച് ചന്ദനമോഷണം നടത്തിയ സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് വനംമന്ത്രി കെ. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.
തളിപ്പറമ്പിലെ 25 ലക്ഷത്തിന്റെ ചന്ദനതൈല മോഷണവും അന്വേഷണത്തിന്റെ പരിധിയില്‍ വരും. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതു കൊണ്ടാണ് സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നത്.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ചന്ദന മാഫിയയുടെ സമ്മര്‍ദത്തിന് വഴങ്ങി വനം വകുപ്പിലെ പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു.
വനംവകുപ്പ് ഓഫീസര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവ് മുഖ്യമന്ത്രി തടഞ്ഞുവെച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നിര്‍ദേശമടങ്ങിയ ഫയലില്‍ ഒന്നുകൂടി ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശിയ്ക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്.
സ്ഥലംമാറ്റം തടഞ്ഞിട്ടില്ലെന്നും ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശിച്ചത് സാധാരണ പ്രക്രിയയുടെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
സാധാണഗതിയിലുള്ള സ്ഥലംമാറ്റം മാത്രമാണ് നടന്നതെന്ന് സുധാകരന്‍ പറഞ്ഞു. 199 റേഞ്ച് ഓഫീസര്‍മാരില്‍ 18 പേരെയാണ് സ്ഥലം മാറ്റിയത്. 101 അസിസ്റന്റ് കണ്‍സര്‍വേറ്റര്‍മാരില്‍ 28 പേരെയും 94 ഐ എഫ് എസ് ഓഫീസര്‍മാരില്‍ 21 പേരെയും സ്ഥലം മാറ്റാന്‍ നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ല.
97 ടണ്‍ ചന്ദനത്തടി പിടിച്ച മൂന്നാറിലെ ഡി എഫ് ഒയെ ചന്ദനമാഫിയയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സ്ഥലം മാറ്റിയതെന്ന് സബ്മിഷന്‍ അവതരിപ്പിച്ച അച്യുതാനന്ദന്‍ ആരോപിച്ചു. കാസര്‍കോട് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന ഏഴ് ചന്ദന ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications