തമിഴ്നാടുമായി പുഴകളെ ബന്ധിപ്പിക്കില്ല
തിരുവനന്തപുരം: പമ്പയും അച്ചന്‍കോവിലും തമിഴ്നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദേശം കേരളം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.
ഭരണഘടനയനുസരിച്ച് സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള നദികളില്‍ മറ്റാര്‍ക്കും അവകാശവാദം ഉയര്‍ത്താനാവില്ല. പമ്പയില്‍ നിന്നും അച്ചന്‍കോവിലില്‍ നിന്നും ഒരു തുള്ളി വെള്ളത്തിന് പോലും അവകാശവാദമുയര്‍ത്താന്‍ ആരെയും അനുവദിക്കില്ല- രാജു എബ്രഹാമി (സി പി എം) ന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട് പ്രധാനമന്ത്രിയെയും നദികളെ ബന്ധിപ്പിക്കല്‍ പദ്ധതിയുടെ ടാസ്ക്ഫോഴ്സ് ചെയര്‍മാനെയും വ്യക്തമായി അറിയിച്ചിട്ടുണ്ട്.
പമ്പാ, അച്ചന്‍കോവില്‍ നദികള്‍ വഴിതിരിച്ചുവിടുന്നത് മധ്യതിരുവിതാംകൂറില്‍ ഗുരുതരമായ സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കും. വൈദ്യുത, ജലസേചന, കുടിവെള്ള പദ്ധതികളെ അത് സാരമായി ബാധിക്കും.
കേരളത്തിന് വെള്ളം മിച്ചമുണ്ടെന്ന ധാരണ അടിസ്ഥാനരഹിതമാണ്. അടുത്ത വര്‍ഷങ്ങളില്‍ വെള്ളത്തിനുള്ള ക്ഷാമം കേരളത്തില്‍ കൂടുതല്‍ രൂക്ഷമാവും..
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം ആരാഞ്ഞശേഷം നദീപ്രശ്നത്തില്‍ സംസ്ഥാനം മുന്നോട്ടുപോവുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications