മാറാട്: തീരുമാനമെടുക്കാനാവാതെ സര്‍ക്കാര്‍
കോഴിക്കോട്: മാറാട് പുനരധിവാസ പദ്ധതിപ്രശ്നത്തില്‍ സര്‍ക്കാര്‍ വീണ്ടും വെട്ടിലായി. കലാപത്തെതുടര്‍ന്ന് മാറാട് വിട്ടോടിപ്പോയ മുസ്ലീം കുടുംബത്തെ തിരികെക്കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമം അരയസമാജം വനിതകളുടെ എതിര്‍പ്പിനെതുടര്‍ന്ന് എങ്ങുമെത്താതെ നില്ക്കുകയാണ്.
രണ്ടു കുടുംബത്തെയാണ് പൊലീസ് സന്നാഹത്തോടെ മാറാട്ടേയ്ക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാല്‍ അരയസമാജം വനിതകളുടെ സമരത്തെതുടര്‍ന്ന് ഗത്യന്തരമില്ലാതെ ഇതില്‍ ഒരു കുടുംബം കഴിഞ്ഞ ദിവസം മടങ്ങിപ്പോയിരുന്നു. എന്നാല്‍ മറിയംബിയുടെ കുടുംബം ഇപ്പോഴും മാറാട് തങ്ങുകയാണ്. ഇപ്പോള്‍ മറിയംബിയുടെ വീടിനെ കേന്ദ്രീകരിച്ച് അരയസമാജം വനിതകള്‍ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്.
അരയസമാജം വനിതകളെ നിയന്ത്രിക്കാന്‍ 100 ഓളം പൊലീസുകാര്‍ മറിയംബിയുടെ വീടിന് കാവല്‍ നില്ക്കുന്നുണ്ട്. എന്ത് അധിക്ഷേപമുണ്ടായാലും മാറാട് വിട്ടോടിപ്പോകില്ലെന്ന നിലപാടിലാണ് മറിയംബി. റവന്യൂ അധികൃതരാണ് മറിയംബിയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഭക്ഷണം എത്തിച്ചുകൊടുക്കുന്നത്. മറിയംബിയുടെ കുടുംബത്തിന്റെ ക്ഷേമമന്വേഷിയ്ക്കാന്‍ സര്‍ക്കാര്‍ തഹസില്‍ദാര്‍ എന്‍. ശ്യാമലതയെ നിയോഗിച്ചിട്ടുണ്ട്.
മറിയംബിയുടം മക്കളും മാറാട് കൊലപാതകക്കേസിലെ പ്രധാന പ്രതികളുടെ അടുത്ത ബന്ധുക്കളാണെന്നാണ് അരയസമാജം വനിതകള്‍ ആരോപിയ്ക്കുന്നത്. അതിനാല്‍ ഇവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും അരയസമാജം വനിതാപ്രവര്‍ത്തകര്‍ പറയുന്നു. സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അരയസമാജം.
ഇക്കാര്യത്തില്‍ ഇനി എന്തുനിലപാടെടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍.












Click it and Unblock the Notifications