കേരളാജനകീയവേദിയുമായി എസ്എന്‍ഡിപി
പറവൂര്‍: തല്ക്കാലം രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കേണ്ടെന്നും പകരം ഒരു ഫാറം രൂപീകരിക്കാനും എസ്എന്‍ഡിപി നേതൃക്യാമ്പില്‍ തീരുമാനമായി. കേരളാ ജനകീയ വേദി(കേരളാ പീപ്പിള്‍സ് ഫാറം) എന്നാണ് പുതിയ സംഘടനയ്ക്ക് നല്കിയിരിക്കുന്ന പേര്.
ഫാറം ഒരു രാഷ്ട്രീയകക്ഷിയല്ലെന്നും എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ ബീജങ്ങള്‍ അതിലുണ്ടെന്നും യോഗം പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗറും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു. അധികാരം അധ:സ്ഥിതരിലേക്ക് എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കേരള ജനകീയ വേദി നേതൃത്വം നല്കുക.
നേതൃക്യാമ്പില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ശക്തമായി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ തിരക്കിട്ട് പാര്‍ട്ടി രൂപീകരിക്കേണ്ടെന്ന അഭിപ്രായക്കാരായിരുന്നു. ഒടുവിലാണ് കേരളാ ജനകീയവേദിയ്ക്ക് രൂപം നല്കാന്‍ തീരുമാനമായത്.
നിലവിലുള്ള മുന്നണികളോടോ ബിജെപിയോടോ ഫാറത്തിന് ആഭിമുഖ്യമില്ല. ശക്തമായ ഒരു വോട്ട് ബാങ്ക് രൂപീകരിക്കാനാണ് ശ്രമം. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും സ്ഥാനാര്‍ത്ഥികളെ സഹായിക്കും. ഫാറത്തിന്റെ അജണ്ട അംഗീകരിക്കുന്ന ആരുമായും സഹകരിക്കാനും തയ്യാറാണ്.












Click it and Unblock the Notifications