ബാങ്കുതട്ടിപ്പുവീരന്‍ മലയാളി കുടുങ്ങി
ബാംഗ്ലൂര്‍: ഈയിടെ നൈജീരിയയില്‍ പിടിയിലായ ബാങ്ക് തട്ടിപ്പുവീരനായ മലയാളിയെ നൈജീരിയയില്‍ നിന്ന് നാട്കടത്തി. ബാംഗ്ലൂരില്‍ വിമാനത്താവളത്തില്‍ ജൂലൈ മൂന്ന് വ്യാഴാഴ്ച വന്നിറങ്ങിയ മലയാളിയായ കരുണാകരന്‍ വിജയിനെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
ഇദ്ദേഹത്തെ ചോദ്യം ചെയ്യലിനായി കസ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിയ്ക്കും. കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നായി 25 കോടിയാണ് കരുണാകരന്‍ വിജയ് തട്ടിയെടുത്തത്. 1998നും 2000നും ഇടയിലായിരുന്നു തട്ടിപ്പുകള്‍ നടത്തിയത്. ഗോവ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ ബാങ്ക് ശാഖകളില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത്.
വിദേശഇന്ത്യക്കാരുടെ നിക്ഷേപം ബാങ്കുകള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു കരുണാകരന്‍ വിജയ്. പിന്നീട് ഈ ബാങ്കുകളില്‍ നിന്ന് വ്യാജരേഖകള്‍ കാട്ടി കോടികളുടെ വായ്പ എടുക്കുകയായിരുന്നു. ഈ തട്ടിപ്പിന് ചില ബാങ്ക് ജീവനക്കാരും കരുണാകരന്‍ വിജയിനെ സഹായിച്ചിരുന്നതായി പറയുന്നു. ഈ ബാങ്ക് ജീവനക്കാര്‍ക്കെതിരെ പൊലീസ് നടപടികളെടുത്തുവരികയാണ്.
കേസില്‍ പൊലീസ് അന്വേഷിയ്ക്കുന്നതിനിടയിലാണ് കരുണാകരന്‍ വിജയ് ഇന്ത്യയില്‍ നിന്നും മുങ്ങിയത്. സിബിഐയുടെ അപേക്ഷപ്രകാരം ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് നല്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നൈജീരിയയിലെ പൊലീസാണ് ഇദ്ദേഹത്തെ പിടികൂടിയത്. പിന്നീട് സിബിഐ അപേക്ഷ പ്രകാരം ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.












Click it and Unblock the Notifications