തൊഗാഡിയ കേരളത്തിലെത്തി
തിരുവനന്തപുരം: ശക്തമായ ഹിന്ദു തീവ്രവാദ നിലപാടിലൂടെ വിവാദപുരുഷനായി തീര്‍ന്ന വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ കേരളത്തിലെത്തി. ഇദ്ദേഹം മാറാട് സന്ദര്‍ശിക്കാനാണ് പ്രധാനമായും എത്തുന്നത്.
തൊഗാഡിയ മാറാട്ട് പ്രവേശിക്കുന്നത് തടയണമോ വേണ്ടയോ എന്ന കാര്യം സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. മാറാട് നിന്നും ഓടിപ്പോയ മുസ്ലിങ്ങളെ തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമം തടഞ്ഞ ഹിന്ദു അരയസമാജം പ്രവര്‍ത്തകര്‍ക്ക് പ്രവീണ്‍ തൊഗാഡിയയുടെ സന്ദര്‍ശനം കൂടുതല്‍ ആവേശം പകരും. ഇത് ഏതുവിധേനയെയും തടയണമെന്ന് സംസ്ഥാനസര്‍ക്കാരില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
ഹിന്ദുക്കള്‍ക്കെതിരായ അക്രമം നേരിടുന്നതിന് ഗുജറാത്ത് മാതൃകയില്‍ കേരളത്തില്‍ ഹിന്ദുക്കളെ ഏകോപിപ്പിക്കാന്‍ ശ്രമിക്കുമെന്ന് തിരുവനന്തപുരത്തെത്തിയ പ്രവിണ്‍ തൊഗാഡിയ പറഞ്ഞു.
തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മാറാട് പോലുള്ള സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ആവര്‍ത്തിക്കപ്പെടും.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതു സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും വി എച്ച് പി ഒരുക്കമല്ല. രാമക്ഷേത്ര നിര്‍മാണം എന്ന ലക്ഷ്യവുമായി ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായും വ്യക്തിയുമായും സഹകരിക്കാന്‍ വി എച്ച് പി തയ്യാറാണ്.
അയോധ്യാ പ്രശ്നത്തില്‍ വി എച്ച് പി നേതാക്കള്‍ക്കും ആര്‍ എസ് എസ് ഭിന്നാഭിപ്രായമില്ല. രാമക്ഷേത്രം നിര്‍മിക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. ക്ഷേത്രനിര്‍മാണത്തിനെതിരെ സംസാരിക്കുന്നവര്‍ മുഹമ്മദലി ജിന്നയുടെ ശബ്ദത്തിലാണ് സംസാരിക്കുന്നത്- തൊഗാഡിയ പറഞ്ഞു.












Click it and Unblock the Notifications