ചേകനൂര്‍ വധം: മൂന്ന് പേര്‍ കീഴടങ്ങി
കൊച്ചി: ചേകനൂര്‍ മൗലവി വധക്കേസില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന മൂന്ന് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഇവര്‍ കീഴടങ്ങിയത്.
സിബിഐ കുറ്റപത്രത്തില്‍ അഞ്ചാംപ്രതിയായ കുഴിമണ്ണ പുളിക്കുന്നത്ത് വീട്ടില്‍ മുഹമ്മദ് കുട്ടി കൊന്തേടന്‍, ഏഴാംപ്രതിയായ പാലംകുളങ്ങര കുന്നാതിരി വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍, എട്ടാംപ്രതി കുഴിമണ്ണ പാലാപേട്ട അബ്ദുള്‍ സലാം എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്. മജിസ്ട്രേറ്റ് എം.കെ. കുട്ടിക്കൃഷ്ണന്‍ ഇവരെ ജൂലൈ 17 വരെ റിമാന്റില്‍ വയ്ക്കാന്‍ ഉത്തരവായി.
മൂന്നുപേരും നല്കിയ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിയ്ക്കും. തങ്ങള്‍ കേസുമായി യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് പ്രതികളുടെ അവകാശവാദം. അതേ സമയം സിബിഐ കുറ്റപത്രത്തില്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തത് ഇവര്‍ മൂന്നുപേരുമാണെന്ന് പറയുന്നു. 1993 ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒന്‍പതാം പ്രതി മന്ദാലില്‍ ഉസ്മാന്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന ഗൂഡാലോചനയില്‍ മൂന്ന് പേരും പങ്കെടുത്തിരുന്നതായും സിബിഐ പറയുന്നു.
ഒമ്പതാം പ്രതി ഉസ്മാന്‍ മുസ്ല്യാര്‍ മാത്രമാണ് ഈ കേസില്‍ ഇനിയും പിടികിട്ടാനുള്ളത്.












Click it and Unblock the Notifications