കോണ്‍ഗ്രസ് ഷിംല ശിബിരം തുടങ്ങി
ഷിംല: ബിജെപിയില്‍ നിന്ന് കേന്ദ്രഭരണം തിരിച്ചുപിടിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്ന ഷിംല സമ്മേളനത്തിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ഈ സമ്മേളനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അധ്യക്ഷത വഹിയ്ക്കും.
അടുത്ത് വരാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും എങ്ങിനെ വിജയം നേടാമെന്ന് ഷിംലയില്‍ ചര്‍ച്ച ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് വിശാല സഖ്യം രൂപീകരിയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോ എന്ന കാര്യം ഈ സമ്മേളനത്തിലറിയാം. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ 15 മുഖ്യമന്ത്രിമാരും 250 പ്രതിനിധികളും ശിബിരത്തില്‍ പങ്കെടുക്കും. ഗുലാം നബി ആസാദ്, അംബികാ സോണി, മൊഹ്സിന കിദ്വായി, മന്‍മോഹന്‍ സിംഗ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.
ഈയിടെ ശ്രീനഗറില്‍ നടന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്കായി ഷിംലയില്‍ വീണ്ടും യോഗം ചേരുന്നത്. ബിജെപിയ്ക്കെതിരെ വിശാല സഖ്യം ഉണ്ടാക്കാന്‍ തുറന്ന മനസ്സാണുള്ളതെന്ന് ശ്രീനഗറില്‍ സോണിയാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിനോട് സിപിഎം അനുകൂല നിലപാടാണ് പ്രഖ്യാപിച്ചത്. 1998ലെ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ചേര്‍ന്ന പച്ച്മാഡി സമ്മേളനത്തിന്റെ രണ്ടാം ഘട്ടമെന്ന വിശേഷണം ഷിംല ശിബിരം ഇപ്പോഴേ നേടിയിരിക്കുന്നു.












Click it and Unblock the Notifications