കാച്ച് മറ്റ് പ്രധാന നഗരങ്ങളിലേക്കും
തിരുവനന്തപുരം: ക്രമസമാധാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നഗരത്തില്‍ വിജയകരമായി നടപ്പിലാക്കിയ കാച്ച് പരിപാടി മറ്റ് പ്രധാന നഗരങ്ങളിലും നടപ്പിലാക്കുന്നതിന് പൊലീസ് വകുപ്പ് ഒരുങ്ങുന്നു.
മുന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കെ. പത്മകുമാര്‍ 2000ലാണ് പരിപാടി നടപ്പിലാക്കിയത്. പൊലീസ് ഉദ്യോഗസ്ഥരും നഗരത്തിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികളുമായുള്ള ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ചകളിലൂടെ നഗരവാസികള്‍ നേരിടുന്ന ക്രമസമാധാന പ്രശ്നങ്ങളെന്തെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് കാച്ചിലൂടെ ചെയ്തത്.
കാച്ച് പരിപാടി പ്രകാരം നഗരത്തിലെ എല്ലാ പൊലീസ് സ്റേഷനുകളും അവയുടെ പരിധിയില്‍ വരുന്ന റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികളുടെ യോഗം എല്ലാ മാസവും ആദ്യത്തെ ആഴ്ച വിളിച്ചുചേര്‍ക്കും. തങ്ങളുടെ പ്രദേശത്തുള്ള പ്രശ്നങ്ങളെ കുറിച്ച് പ്രതിനിധികള്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
എല്ലാ രണ്ടാം ശനിയാഴ്ചകളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികളും സിറ്റി പൊലീസ് കമ്മിഷണറുമായുള്ള കൂടിക്കാഴ്ചയുണ്ടാവും. യോഗത്തില്‍ വിവിധ പൊലീസ് സ്റേഷനുകള്‍ സ്വീകരിച്ച നടപടികളെ കുറിച്ചും തുടര്‍ നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യും.
ജനങ്ങളും പൊലീസും തമ്മിലുള്ള വിനിമയം കൂടുതല്‍ സുഗമമാക്കാനും പല പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് പരിഹരിക്കാനും സാധിച്ചുവെന്നാണ് പരിപാടിയെ കുറിച്ചുള്ള പൊതുവായ പ്രതികരണം.












Click it and Unblock the Notifications