പ്രതിപക്ഷം ഇറങ്ങിപോയി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രശ്നത്തില്‍ അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജൂലൈ ഒമ്പത് ബുധനാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അമിത ഫീസ് ഈടാക്കുന്നതിനും മറ്റുമെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് സംബന്ധിച്ച അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭവിട്ട് ഇറങ്ങിപ്പോകുകയായിരുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൈയില്‍ വിലങ്ങ് വച്ചതും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. എന്നാല്‍ സമരം അക്രമാസക്തമായപ്പോള്‍ മാത്രമാണ് പൊലീസ് വിദ്യാര്‍ത്ഥികളെ പിരിച്ച് വിടാന്‍ ലാത്തിചാര്‍ജ്ജ് നടത്തിയതെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ മറുപടി പറഞ്ഞു. കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് അവര്‍ക്കെതിരേ തിരിഞ്ഞത്. വിദ്യാര്‍ത്ഥികളെ കൈവിലങ്ങ് വച്ചതിനെക്കുറിച്ച് അന്വേഷിയ്ക്കാന്‍ പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയില്‍ തൃപ്തി പോരെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ നേതൃത്ത്വത്തില്‍ ഇറങ്ങിപോയത്. വിദ്യാര്‍ത്ഥികള്‍ക്ക് എതിരേ എടുത്ത കേസുകള്‍ പിന്‍വലിയ്ക്കണമെന്ന് ഇറങ്ങിപോകുന്നതിന് മുമ്പ് സംസാരിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു.
തീവ്രവാദികളെപ്പോലെ വിദ്യാര്‍ത്ഥികളെ കൈവിലങ്ങ് വച്ചതിനെ ജനതാ ദള്‍ പ്രസിഡണ്ട് എം. പി. വീരേന്ദ്രകുമാറും ഒരു പ്രസ്താവനയില്‍ അപലപിച്ചു.
സ്വാശ്രയ കോളെജ് മാനേജ്മെന്റുകളുടെ ധിക്കാരപരമായ സമീപനം അനുവദിക്കില്ലെന്ന് പ്രതിപക്ഷം വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതിപക്ഷ സംഘടനകള്‍ സ്വാശ്രയ മെഡിയ്ക്കല്‍ കോളെജുകള്‍ ബുധനാഴ്ച ഉപരോധിയ്ക്കുകയാണ്.












Click it and Unblock the Notifications