വെള്ളാപ്പള്ളി അദ്വാനിയെ കണ്ടു
കൊച്ചി: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്രമന്ത്രി പി. സി. തോമസിനോടൊപ്പമാണ് വെള്ളാപ്പള്ളിയെ അദ്വാനിയെ കാണാന്‍ ചെന്നത്. സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം വെള്ളാപ്പള്ളി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
അതേ സമയം കേരളത്തിലെ മുന്നണി രാഷ്ട്രീയം മാറ്റിമറിക്കപ്പെടുമെന്നും കേരളത്തിലെ പുതിയ രാഷ്ട്രീയ ബന്ധങ്ങളുടെ തുടക്കം മാത്രമാണിതെന്നും പി. സി. തോമസ് പറഞ്ഞു.
കഴിഞ്ഞ നാല് ദിവസങ്ങളായി വെള്ളാപ്പള്ളി ദില്ലിയിലാണ്. ശ്രീനാരായണ സര്‍വകലാശാലക്ക് അനുമതി നല്‍കണമെന്ന് വെള്ളാപ്പള്ളി കേന്ദ്ര മാനുഷിക വിഭവശേഷി മന്ത്രി മുരളിമനോഹര്‍ ജോഷിയെ കണ്ട് ആവശ്യപ്പെട്ടു. പുതിയ സര്‍വകലാശാല രൂപീകരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ജോഷി അറിയിച്ചു. സമിതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജോഷി പറഞ്ഞു.
പിന്നോക്ക സമുദായ വികസനത്തിന് 500 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യത്തിന് പിന്നോക്കവര്‍ഗ കമ്മിഷനില്‍ നിന്ന് അനുകൂല പ്രതികരണമാണുണ്ടായതെന്ന് എസ് എന്‍ ഡി പി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications